Site iconSite icon Janayugom Online

ബിജെപി പ്രതിഷേധം: പുരുഷാധിപത്യമായി മാത്രമാണ് കാണുന്നതെന്ന് പ്രിയങ്ക ഗാന്ധി

പാര്‍ലമെന്റില്‍ പലസ്തീന്‍ ബാഗുമായി എത്തിയതില്‍ ബിജെപിയുടെ പ്രതിഷേധത്തെ സാധാരണ നിലയിലുള്ള പുരാഷാധിപത്യമായി മാത്രമാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി.

താന്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുകയെന്നും അവര്‍ ചോദിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ്. അത് അംഗീകരിക്കുന്നില്ലെന്നും തനിക്ക് വേണ്ടത് താന്‍ ധരിക്കുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ബാഗ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രിയങ്ക മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. ഈ വിഷയത്തില്‍ എന്റെ വിശ്വാസങ്ങള്‍ എന്താണെന്ന് ഞാന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നോക്കിയാല്‍ മതി, എല്ലാ അഭിപ്രായങ്ങളും അവിടെയുണ്ട്.

ഇന്നലെയാണ് പ്രിയങ്ക ഗാന്ധി പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിയത്. തോളില്‍ തൂക്കിയ ബാഗില്‍ പലസ്ത്രീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ മുറിച്ച തണ്ണിമത്തന്റെ ചിത്രവും പലസ്തീന്‍ എന്ന എഴുത്തും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അനുയായികള്‍ ഇതിനെ അനുകൂലിച്ചെങ്കിലും ബിജെപി എംപിമാര്‍ വിമര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ക്കായാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നാണ് ബിജെപി എംപി ഗുലാം അലി ഖതാനയുടെ പ്രതികരണം. കോണ്‍ഗ്രസ് നടത്തുന്നത് പ്രീണനമാണെന്നും മുസ്ലീം സമൂഹത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും എം പി മനോജ് തീവാരി പറഞ്ഞു. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ കോണ്‍ഗ്രസ് എംപി ശ്രമിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി എസ് പി സിങ് ബാഗേല്‍ പ്രതികരിച്ചത്.

Exit mobile version