Site icon Janayugom Online

മോഡി സര്‍ക്കാരിന്റെ വാര്‍ഷികം തെരഞ്ഞെടുപ്പ് പ്രചരണമാക്കാന്‍ ബിജെപി

കര്‍ണാടകയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങളുമായി ബിജെപി. മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയാക്കി മാറ്റാനാണ് ബിജെപി തീരുമാനം. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചാരണമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകളും വരുന്ന വര്‍ഷം പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മോഡി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് നീക്കം. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണ പരിപാടികള്‍ക്കൊപ്പം പാര്‍ട്ടി നേതൃത്വത്തിലും പ്രചരണം നടത്തും. ഈ മാസം 30 ന് ആരംഭിക്കുന്ന പ്രചരണ പരിപാടികള്‍ ജൂണ്‍ 30ന് അവസാനിക്കും. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പരിപാടി നടത്താനാണ് തീരുമാനം. പ്രചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാകും തുടക്കം കുറിക്കുക. രാജ്യത്തെമ്പാടും മുതിര്‍ന്ന ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ അമ്പതിലധികം വന്‍ റാലികള്‍ സംഘടിപ്പിക്കും. എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര മന്ത്രിമാരോ പാര്‍ട്ടി ദേശീയ നേതാക്കളോ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടത്തും. 2024ലെ തെരഞ്ഞെടുപ്പു വിജയം അനായാസമാകില്ലെന്നും മോഡി ബ്രാന്‍ഡ് ജനങ്ങള്‍ തിരസ്കരിച്ചെന്നും ബോധ്യമായ സാഹചര്യത്തിലാണ് ബിജെപി, പുതിയ തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

eng­lish summary;BJP to use Modi gov­ern­men­t’s anniver­sary as elec­tion campaign

you may also like this video;

Exit mobile version