Site iconSite icon Janayugom Online

സോഫിയ ഖുറേഷിയെയും വ്യോമിക സിങ്ങിനെയും പ്രചരണായുധമാക്കാന്‍ ബിജെപി

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ പ്രചരണായുധമാക്കാനൊരുങ്ങി ബിജെപി. മോഡി സര്‍ക്കാര്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈമാസം ഒമ്പതിന് ബിജെപി ആരംഭിക്കുന്ന സ്ത്രീ കേന്ദ്രീകൃത ദേശീയ പ്രചരണ പരിപാടിയില്‍ ഇരുവരെയും ഉള്‍പ്പെടുത്താനാണ് പദ്ധതിയിടുന്നത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖിയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സ്ത്രീകളെ ഉന്നമിട്ട് ബിജെപി നടത്തുന്ന പ്രചരണ പരിപാടിയില്‍ ഇരുവരെയും മുഖങ്ങളായി ഉള്‍പ്പെടുത്തുമെന്നായിരുന്നു ജമാല്‍ സിദ്ദിഖി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വഴി ഭരണപരാജയം മറച്ചുവയ്ക്കാനും ഭീകരരെ നേരിടുന്നതില്‍ ഉണ്ടായ വീഴ്ച മറച്ചുപിടിക്കുന്നതിനുമാണ് ബിജെപി പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. ഓഹരി വിലത്തകര്‍ച്ച, രൂപയുടെ മൂല്യശോഷണം തുടങ്ങിയ വിഷയങ്ങളില്‍ മോഡി ഭരണകൂടം രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ ഇതുവരെ പിടികൂടാത്ത നടപടിയും രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് മുഖം മിനുക്കല്‍ നടപടിയുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. 

ഇന്ത്യന്‍ പ്രതിരോധ സേനയുടെ അഭിമാന താരങ്ങളായ ഇരുവരെയും പ്രചരണ പരിപാടിയില്‍ എത്തിച്ച് വിമര്‍ശനം വഴി തിരിച്ചുവിടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നത് ബിജെപി ബുദ്ധികേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ സോഫിയ ഖുറേഷി, വ്യോമിക സിങ് എന്നിവരെ പ്രചരണ പദ്ധതിയുടെ ഭാഗമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ഐടി മേധാവി അമിത് മാളവ്യ പ്രതികരിച്ചു. ജമാല്‍ സിദ്ദിഖിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മുസ്ലിം സമുദായത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ ഉദാഹരണമായാണ് സിദ്ദിഖി കേണല്‍ സോഫിയ ഖുറേഷിയെ ഉയര്‍ത്തിക്കാട്ടിയതെന്നും മാളവ്യ എക്സില്‍ കുറിച്ചു.

നേരത്തെ കോണല്‍ സോഫിയ ഖുറൈഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി അപകീര്‍ത്തി പരാമര്‍ശം നടത്തിയത് രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിനല്‍കാന്‍ നരേന്ദ്ര മോഡി മുസ്ലിം ഭീകരരുടെ സഹോദരിയെ തന്നെ നിയോഗിച്ചു എന്നായിരുന്നു മന്ത്രി കുന്‍വര്‍ വിജയ് ഷാ ആരോപിച്ചത്. ആരോപണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് ഹൈക്കോടതി വിജയ് ഷായ്ക്കെതിരെ സ്വമേധയാ കേസെടുത്തു. സംഭവം കൈവിട്ടുവെന്ന് മനസിലാക്കിയ വിജയ് ഷാ ക്ഷമാപണവുമായി എത്തിയെങ്കിലും സുപ്രീം കോടതി ഇടപെലോടെ വിജയ് ഷാ വീണ്ടും കുരുക്കിലായി. സുപ്രീം കോടതി ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വ്യോമിക സിങ് ദളിത് സമുദായാംഗമാണ് എന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ അവര്‍ക്കെതിരെയും ബിജെപി നേതാക്കള്‍ അപകീര്‍ത്തി പരാമര്‍ശം നടത്തുമായിരുന്നുവെന്ന് സമാജ് വാദി എംപി രാം ഗോപാല്‍ യാദവ് പ്രതികരിച്ചതും വിവാദമായിരുന്നു. സെെന്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തരുതെന്നും സെെന്യത്തിന്റെ അന്തസ് നിലനിര്‍ത്താന്‍ ഇടപെടണമെന്നും കാണിച്ച് മുന്‍ സെെനികോദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.

Exit mobile version