Site icon Janayugom Online

ഹിന്ദുക്കളെ വോട്ടുബാങ്ക് ആക്കാന്‍ ബിജെപി ശ്രമം: കെ പ്രകാശ് ബാബു

prakash babu

ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കളെ വോട്ട് ബാങ്കാക്കി ഭരണം നിലനിര്‍ത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജില്ലാ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഈ ഹിന്ദുത്വ രാഷ്ട്രീയത്തെ ജനം തിരിച്ചറിയണം. എതിരാളികളെ മുഴുവന്‍ നിശബ്ദരാക്കി ഏകപക്ഷീയമായി നിയമങ്ങള്‍ പാസാക്കി ജനാധിപത്യ വിരുദ്ധമായാണ് മോഡി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സമസ്ത മേഖലകളെയും തകര്‍ക്കുന്ന നിയമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറി ഭരണ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തിലെ ഗവര്‍ണര്‍ കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ഗവര്‍ണര്‍ഷിപ്പ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു. 

ഒരു രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഭരണകൂടം ഒന്നാകെ അഴിമതി കാണിക്കുന്നത് മോഡി സര്‍ക്കാരിന്റെ കാലത്താണ്. ഇത്തരത്തില്‍ ഇന്ത്യയുടെ സമസ്തമേഖലകളെയും തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭരണത്തിനെതിരായി ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കാനായി ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍, ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവരും ഒന്നിച്ചുനിന്ന് ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും കെ പ്രകാശ്ബാബു കൂട്ടിച്ചേര്‍ത്തു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‍കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ്, കെ രാജന്‍, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എന്‍ ജയദേവന്‍, മുതിര്‍ന്ന നേതാവ് എ കെ ചന്ദ്രന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി എസ് സുനില്‍കുമാര്‍, ഷീല വിജയകുമാര്‍, കെ പി സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ഷീന പറയങ്ങാട്ടില്‍, കെ ജി ശിവാനന്ദന്‍, ജില്ലാഎക്സിക്യൂട്ടീവംഗം ടി പ്രദീപ്കുമാര്‍, പി കെ കൃഷ്ണന്‍, കെ എസ് ജയ, ഇ എം സതീശന്‍, കെ വി വസന്തകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: BJP try­ing to make Hin­dus a vote bank: K Prakash Babu

You may also like this video

Exit mobile version