ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ശേഷവും മുസ്ലിം വിദ്വേഷ പ്രചാരണം തുടര്‍ന്ന് ബിജെപി. സോഷ്യൽ മീഡിയയിൽ വൻതോതിൽ വിദ്വേഷപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പരിഹാസ ചിത്രങ്ങളും കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അസമിലെ ബിജെപി മന്ത്രി അശോക് സിൻഘാൾ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ വിവാദമായിരിക്കുകയാണ്. 1989‑ലെ ഭഗൽപൂർ മുസ്ലിം കൂട്ടക്കൊലയെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇദ്ദേഹം എക്സിൽ പങ്കുവെച്ചത്. കോളിഫ്ലവർ കൃഷിയുടെ ചിത്രം പങ്കുവെച്ച് “ബീഹാർ ഗോബി (കോളിഫ്ലവർ) കൃഷി അംഗീകരിച്ചിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
1989 ഒക്ടോബർ 24 ന് ആരംഭിച്ച ഭഗൽപൂർ കലാപത്തെ സൂചിപ്പിക്കാൻ സംഘ്പരിവാർ ഗ്രൂപ്പുകൾ പ്രതീകാത്മകമായി ഉപയോഗിക്കുന്ന ഒന്നാണ് കോളിഫ്ലവർ. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്ത് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഉൾപ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പുകൾ നടത്തിയ ഈ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. കൂട്ടക്കൊലയുടെ തെളിവുകൾ പുറത്തുവരാതിരിക്കാൻ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിടുകയും അതിനുമുകളിൽ കോളിഫ്ലവർ ചെടികൾ നട്ടുപിടിപ്പിക്കുകയുമായിരുന്നു. ഈ ക്രൂരമായ ചരിത്ര സംഭവമാണ് ബിജെപി മന്ത്രി സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി മുസ്ലിം വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ബിജെപി നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിലും മുസ്ലീങ്ങളെ ‘നമാക് ഹറാം’ (വിശ്വസ്തതയില്ലാത്തവർ), ‘ഘുസ്പൈത്തിയേ’ (നുഴഞ്ഞുകയറ്റക്കാർ) എന്നിങ്ങനെ സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്ന് ഡയസ്പോറ ഇൻ ആക്ഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആന്റ് ഡെമോക്രസി തുടങ്ങിയ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലിനെ ‘നുഴഞ്ഞുകയറ്റ’ കേന്ദ്രമായി പ്രചാരണങ്ങളിൽ ചിത്രീകരിച്ചിരുന്നു. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യപ്പെടേണ്ട കീടങ്ങളായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം ബീഹാറിലെ മൊത്തം വോട്ടർമാരിൽ 0.012% ൽ താഴെ മാത്രമാണ് ‘വിദേശികൾ’ ആയി കണക്കാക്കാവുന്ന ആളുകൾ ഉള്ളതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ എത്ര ‘നുഴഞ്ഞുകയറ്റക്കാരെ’ തിരിച്ചറിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണവുമായി ബിജെപി

