Site iconSite icon Janayugom Online

ബിജെപിയുടെ നയങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നില്ലേ ?

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് എഎപി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ കത്ത്. ബിജെപിയുടെ രാഷ്ട്രീയത്തെ നയങ്ങളെ കുറിച്ചാണ് കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ആർഎസ്എസ് ബിജെപിയുടെ മാതൃസംഘടനയാണെന്നും ബിജെപിയെ ശരിയായ പാതയിൽ കൊണ്ടുവരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികളെയും ബിജെപിയുടെ പങ്കിനെയും ചോദ്യം ചെയ്യുന്നതാണ് കത്ത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ നയിക്കുന്ന ശൈലിയിൽ കെജ്രിവാൾ നിരാശ പ്രകടിപ്പിച്ചു, ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തുടർന്നാൽ രാജ്യവും ജനാധിപത്യവും അവസാനിക്കും. 

എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ബാധകമായ വിരമിക്കലിന് ആർ എസ് എസിന്റെ പ്രായപരിധി 73 വയസായിരുന്നല്ലോ. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. മോഡി അഴിമതി ആരോപിച്ച നേതാവ് പിന്നീട് ബിജെപിയിൽ ചേർന്ന സംഭവവും കത്തിൽ പരാമർശിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ മോഡി ആയുധമാക്കുകയാണ്. ഇത്തരം നിലപാടുകൾ ആർ‌എസ്‌എസിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആർഎസ്എസിന്റെ ആവശ്യമില്ലെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവനയും അരവിന്ദ് കെജ്‌രിവാൾ കത്തിൽ ഉന്നയിച്ചു. 

Exit mobile version