കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന പി കെ ചാത്തൻ മാസ്റ്റർ, പി കെ രാഘവൻ സ്മാരക മന്ദിരം 29ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യത്തെ സംഘടിത കർഷകത്തൊഴിലാളി പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ. ജന്മി- നാടുവാഴി വാഴ്ചക്കാലത്ത് അടിമ സമാനമായ ജീവിതപ്രതിസന്ധികളിൽ അമർന്നുപോയ ദുർബല ജനവിഭാഗങ്ങളുടെ മോചനത്തിനും അതിജീവനത്തിനും വേണ്ടിയാണ് 1968 ൽ ചങ്ങനാശേരിയിൽ കുട്ടനാടൻ മേഖലയിലെ കർഷകത്തൊഴിലാളികളുടെ സമ്മേളനം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചത്. കേരളത്തിലെ ജന്മിത്വ പീഡനങ്ങൾക്കെതിരെയും തൊഴിലവകാശങ്ങൾക്കും ഭൂമിക്കും വീടിനും വേണ്ടി എണ്ണമറ്റ പോരാട്ടങ്ങളാണ് പിന്നീട് കേരളം കണ്ടത്. സമഗ്രമായ ഭൂപരിഷ്കരണ നിയമനിർമ്മാണം, മിനിമം കൂലി പ്രഖ്യാപനം, കർഷകത്തൊഴിലാളി ക്ഷേമ നിയമം എന്നിവയ്ക്കും ആ പോരാട്ടങ്ങൾ വഴിതുറന്നു. 1968ൽ തന്നെയാണ് കർഷകത്തൊഴിലാളികളുടെ ദേശീയ സമര പ്രസ്ഥാനമായ ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബികെഎംയു) പഞ്ചാബിലെ മോഗയിൽ രൂപീകരിച്ചത്. ബികെഎംയുവിന്റെ കേരളഘടകമാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ.
തിരുവനന്തപുരം പുളിമൂട് ജങ്ഷന് സമീപത്താണ് ഓഫിസ് പ്രവർത്തനമാരംഭിക്കുന്നത്. രാവിലെ പത്തിന് ബികെഎംയു സംസ്ഥാന പ്രസിഡന്റും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഓഫിസിന്റെ ഭാഗമായുള്ള എസ്‍ കെ ദാസ് സ്മാരകഹാൾ ദേശീയ പ്രസിഡന്റ് എൻ പെരിയസ്വാമി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മയിൽ, ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, എഐഎസ്എഫ് ദേശീയ സെക്രട്ടറി പി കബീർ, എഐഡിആർഎം സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന എന്നിവർ ആശംസ നേരും.

