Site iconSite icon Janayugom Online

ബികെഎംയു സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം

ബികെഎംയു 15-ാം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കമായി. ഇന്നലെ വൈകിട്ട് സിപിഐ ജില്ലാ ഓഫിസിന് മുന്നിൽ ഒന്നിച്ച വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക‑കൊടിമര ജാഥകൾ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ അനിഷേധ്യ ശക്തിയായി കര്‍ഷകത്തൊഴിലാളികള്‍ മാറിയതിന് പിന്നില്‍ മുന്‍കാല കമ്മ്യൂണിസ്റ്റ് പോരാളികളുടെ കഠിനപ്രയത്നമാണുള്ളതെന്ന് മന്ത്രി അനുസ്മരിച്ചു. ജന്മിത്തത്തിനെതിരെ പോരാടിയ കര്‍ഷകത്തൊഴിലാളികള്‍ സംസ്ഥാനത്തെ കാര്‍ഷികരംഗത്തിന് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബികെഎംയു ദേശീയ പ്രസിഡന്റ് എന്‍ പെരിയസ്വാമി, വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍, ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍, കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം വാസുദേവന്‍ തെന്നിലാപുരം നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് ജെ എം മഹല്‍ഹാളില്‍ (കെ ഡി മോഹനന്‍നഗര്‍) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വെെകിട്ട് നാലിന് ‘ഭൂപരിഷ്കരണ നിയമം രണ്ടാം വായന’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ബികെഎംയു ദേശീയ വെെസ് പ്രസിഡന്റ് കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ കെ ചന്ദ്രന്‍, കെഎസ്‌കെടിയു സംസ്ഥാന വെെസ് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും.

Eng­lish Sum­ma­ry: BKMU State Conference
You may also like this video

Exit mobile version