Site iconSite icon Janayugom Online

‘ബ്ലാക്ക് ലൈന്‍’ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് വ്യാപകം

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോള്‍ പുതിയ ലോണ്‍ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഘങ്ങള്‍ ലോണ്‍ ആവശ്യപ്പെടുന്നവരില്‍ നിന്നും പ്രോസസിങ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടും. അധികമായി അടച്ച ഈ തുക ലോണ്‍ തുകയോടൊപ്പം മടക്കി നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്. 

ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അഭികാമ്യം. അംഗീകൃത ബാങ്കുകളില്‍ നിന്ന് മാത്രം ആവശ്യമെങ്കില്‍ ലോണ്‍ സ്വീകരിക്കുക. ഫോണിന്റെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കണം. ഇത്തരത്തിലുള്ള സംശയകരമായ ലോണ്‍ ആപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version