Site icon Janayugom Online

ചന്ദ്രികയിലെ കള്ളപ്പണം; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ മൊഴി നൽകി

മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിൽ നേരിട്ടെത്തി മുൻ മന്ത്രി കെ ടി ജലീൽ മൊഴി നൽകി. ഇന്ന് രാവിലെ കൊച്ചിയിലുള്ള ഇഡി ഓഫീസിലെത്തിയ ജലീലിൽ നിന്ന് മണിക്കൂറുകൾ സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. 

ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന തന്റെ ആരോപണത്തിൽ കൂടുതൽ വ്യക്തത തേടി ഇഡി അയച്ച നോട്ടീസ് പ്രകാരമാണ് നേരിട്ട് ഹാജരായി മൊഴിനൽകിയതെന്ന് ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് ഇഡി അറിയിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ അത് കൈമാറുമെന്നും ജലീല്‍ പറഞ്ഞു. 

കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉന്നയിച്ച വ്യക്തിയെന്ന നിലയിൽ അത് തെളിയിക്കുന്നതിനുള്ള രേഖകൾ കൈമാറേണ്ടത് തന്റെ കടമയായാണ് കാണുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയിൽ നിന്നും മകൻ ആഷിക്കിൽ നിന്നും ഇഡി മൊഴി രേഖപ്പെടുത്തുമെന്നും കെ ടി ജലീൽ അറിയിച്ചു. എ ആർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണമുണ്ടെന്ന ആരോപണവും ഇഡിക്കും മറ്റ് കേന്ദ്ര ഏജൻസികൾക്ക് മുന്നിലും കെ ടി ജലീൽ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഈ കേസും വൈകാതെ പരിഗണിക്കുമെന്നും കെടി ജലീൽ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇഡി നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ നാളെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുമ്പാകെ ഹാജരാകാന്‍ സാവകാശം തേടും. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക്കിൽ നിന്ന് ഏഴാം തിയതി മൊഴിയെടുക്കുമെന്നുമാണ് വിവരം. 

ENGLISH SUMMARY:Black mon­ey in Chan­dri­ka; KT Jaleel tes­ti­fied against Kunhalikutty
You may also like this video

Exit mobile version