Site iconSite icon Janayugom Online

ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിൽ കള്ളപ്പണ ഇടപാടും

ഇരിങ്ങാലക്കുടയിലെ ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും. ഉടമകൾ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നു. ഉടമയായ സുബിൻ ഇടപാടുകാരനോട് കള്ളപ്പണത്തെക്കുറിച്ച് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. ”പണം വരുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ എത്തിക്കാനാകും. പരിശോധന നടക്കുന്നതിനാൽ ശ്രദ്ധിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നാണ്” സുബിൻ ഓഡിയോ സന്ദേശത്തിൽ പറയുന്നത്. 

ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 150 കോടിയാണ് ഇരിങ്ങാലക്കുടയിൽ ധനകാര്യ സ്ഥാപനം വഴി സഹോദരങ്ങൾ തട്ടിയത്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ വരുമാനം ലഭിക്കുമെന്നും 36 ശതമാനം വരെ ലാഭമുണ്ടാക്കാമെന്നും അറിഞ്ഞവർ പണം നിക്ഷേപിച്ചു. ആദ്യം നിക്ഷേപിച്ചവർക്ക് ദീർഘകാലം പ്രതിമാസം പണം ലഭിച്ചതോടെ കൂടുതൽപേർ വൻ തുകയുമായെത്തി. കഴിഞ്ഞ എട്ടുമാസമായി മുതലുമില്ല പലിശയും ഇല്ലാത്ത അവസ്ഥയാണ്‌. നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോഴെല്ലാം അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഉടമകൾ കുടുംബത്തോടെ വിദേശത്തേക്ക് കടന്നുവെന്നറിയുന്നത്. 

കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിൽ ആണ് ഇരിങ്ങാലക്കുട പൊലീസ് ആദ്യം കേസെടുത്തത്. സർവീസിൽ നിന്ന് വിരമിച്ചവർ ആനുകൂല്യങ്ങളായി ലഭിച്ച തുക വരെ നിക്ഷേപിച്ചിട്ടുണ്ട്. ഭൂമിയും സ്വർണവും വിറ്റും പണം നിക്ഷേപിച്ചവരും നിരവധിയാണ്. 

Exit mobile version