തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌ക്കെതിരെ കടുത്ത ആക്രമണവുമായി എഐഎഡിഎംകെ രംഗത്ത്. എഐഎഡിഎംകെ ബിജെപിയുടെ അടിമയാണെന്നും അഴിമതി നിറഞ്ഞതാണെന്നുമുള്ള വിജയ്‌യുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് പാർട്ടി നേതൃത്വം രംഗത്തെത്തിയത്. വിജയ്‌യെ “ബ്ലാക്ക് ടിക്കറ്റ് വിജയ്” എന്ന് വിശേഷിപ്പിച്ച എഐഎഡിഎംകെ, അദ്ദേഹത്തിന്റെ സിനിമാ ജീവിതം അഴിമതി നിറഞ്ഞതാണെന്നും ആരോപിച്ചു. വിജയ് സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ് അനധികൃതമായി പണം സമ്പാദിച്ച അഴിമതിക്കാരനാണെന്ന് എഐഎഡിഎംകെ പരിഹസിച്ചു. കഴിഞ്ഞ വർഷം കരൂരിൽ 41 പേർ മരിച്ച ദുരന്തത്തിൽ വിജയ്‌ക്കും പങ്കുണ്ടെന്ന് പാർട്ടി ആരോപിച്ചു. ദുരന്തത്തിന് ശേഷം 72 ദിവസത്തോളം വിജയ് വീട്ടിൽ ഒളിച്ചിരുന്നെന്നും ദുരിതബാധിതരെ കാണാൻ തയ്യാറാകാതെ അവരെ തന്റെ അടുത്തേക്ക് വരുത്തിച്ചത് അഹങ്കാരമാണെന്നും പാർട്ടി വക്താക്കൾ പറഞ്ഞു. രാഷ്ട്രീയത്തിൽ വിജയ് കാണിക്കുന്നത് വെറും “ഗ്ലിസറിൻ കണ്ണീരും” ആത്മരതിയുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
മുൻകാല ഭരണാധികാരികളെപ്പോലെ താൻ ഒരിക്കലും അഴിമതി നടത്തില്ലെന്നും ഒരു തുള്ളി അഴിമതി പോലും തന്റെ മേൽ വീഴാൻ അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിലുള്ളവർ സി എൻ അണ്ണാദുരൈയെ മറന്നുവെന്നും പാർട്ടിയുടെ പേരിൽ ‘അണ്ണാ’ എന്നുള്ളവർ പോലും ആ മൂല്യങ്ങൾ പിന്തുടരുന്നില്ലെന്നും എഐഎഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കണമെന്നും വരാനിരിക്കുന്നത് വെറും തിരഞ്ഞെടുപ്പല്ല മറിച്ച് ഒരു ജനാധിപത്യ പോരാട്ടമാണെന്നും മാമല്ലപുരത്ത് നടന്ന പാർട്ടി യോഗത്തിൽ വിജയ് അണികളോട് പറഞ്ഞു. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മൂന്ന് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കായി സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

