Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; മരണം എട്ടായി

നാഗ്പൂരിലെ ആയുധ നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനം. എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയുടെ എൽടിപി സെക്ഷനിൽ രാവിലെ 10.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വെരെ കേട്ടു. സ്ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകരുകയും പത്തോളം തൊഴിലാളികൾ അതിന്റെ അടിയിൽ കുടുങ്ങുകയുെ ചെയ്തു. അഗ്നിശമനസേനയും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തുകയും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 

തകർന്ന മേൽക്കൂരക്കടിയിൽപ്പെട്ടു പോയ ജീവനക്കാരിൽ മൂന്നുപേരെ ജീവനോടെ പ്രാഥമിക ശ്രമത്തിൽ രക്ഷപ്പെടുത്തി. ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എക്‌സ്‌കവേറ്റർ സ്ഥലത്തെത്തച്ച് തകർന്ന കെട്ടിട അവശിഷ്ഠങ്ങൾ നീക്കം ചെയ്തു. “ഭണ്ഡാരയിൽ, ഓർഡനൻസ് ഫാക്ടറിയിൽ, ഒരു വലിയ അപകടമുണ്ടായി, എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് പ്രാഥമിക വിവരമാണ്,” എന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി സംഭവത്തിൽ അറിയിച്ചു. 

Exit mobile version