തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുള്ള സ്വകാര്യ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിലാണ് അപകടമുണ്ടായത്. ഏകദേശം 30-ഓളം മുറികളിലായാണ് ഈ സ്ഥാപനത്തിൽ പടക്കം നിർമിച്ചിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോൾ താഴത്തെ നിലയിലെ ഒരു മുറിയിൽ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഈ മുറി പൂർണമായും തകർന്നു. സംഭവസ്ഥലത്ത് കളക്ടറടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. സംഭവത്തിൽ കരിയപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

