Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ സ്ഫോടനം: ഒമ്പത് മരണം

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒമ്പത് മരണം. 32 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ സ്റ്റേഷനും നിരവധി വാഹനങ്ങളും കത്തിയമര്‍ന്നു.
ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. പൊലീസ് സേനാംഗങ്ങള്‍ക്ക് പുറമേ ഫോറന്‍സിക് ലബോറട്ടറിയിലെ വിദഗ്ദ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍, രണ്ട് ക്രൈം ഫോട്ടോഗ്രഫര്‍മാര്‍, രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഉഗ്ര സ്ഫോടനത്തിൽ തീയാളിപ്പടരുകയും പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനും അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീപിടിക്കുകയും ചെയ്തു. 30 കിലോമീറ്ററോളം ദൂരം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നാണ് വിവരം.

തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസമ്മില്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഒരു പിക്കപ്പ് ട്രക്കിലായി ജമ്മു കശ്മീര്‍ പൊലീസ് നൗഗാമിലേക്ക് കൊണ്ടുവന്നത്. പരിശോധനയ്ക്കായി സാമ്പിളുകള്‍ വേര്‍തിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അതേസമയം സ്ഫോടനം ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ കശ്മീര്‍ പൊലീസ് തള്ളി. നടന്നത് ആകസ്മികമായ സ്ഫോടനമാണെന്ന് കശ്മീര്‍ ഡിജിപി നളിൻ പ്രഭാത് പറഞ്ഞു. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മറ്റ് ഊഹാപോഹങ്ങൾ വേണ്ടതില്ലെന്നും ഈ ദൗർഭാഗ്യകരമായ സംഭവത്തിന്റെ വ്യാപ്തിയും കാരണങ്ങളും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.

Exit mobile version