Site iconSite icon Janayugom Online

കന്നിജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍

ഇന്ത്യൻ സൂപ്പർലീഗിൽ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. കൊൽക്കത്തൻ കരുത്തുമായി എത്തുന്ന എഫ്‌സി ഈസ്റ്റുബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. ആദ്യമത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് സ്വന്തം മൈതാനത്ത് നിന്നേറ്റ തോൽവിയുടെ നാണക്കേട് മാറ്റുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലെ പ്രഥമ ലക്ഷ്യം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ആദ്യകളിയിൽ തോറ്റത്. ഒത്തിണക്കം കണ്ടെത്താൻ ബുദ്ധിമുട്ടിയ മധ്യനിരയുടെയും മുന്നേറ്റനിരയുടെയും പ്രകടനമാണ് പരിശീലകന്‍ മൈക്കിൾ സ്റ്റാറെയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. നോവ സദോയി അധ്വാനിച്ച് കളിക്കുമ്പോൾ പിന്തുണ നൽകാൻ സാധിക്കാത്ത ക്വാമി പെപ്രേയുടെ ഫോം ഇല്ലായ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്രശ്നം. ഇതിന് പുറമേ സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ അഭാവവും കഴിഞ്ഞ കളിയിൽ തിരിച്ചടിയായിരുന്നു. കടുത്ത പനിയിൽ നിന്ന് ലൂണ മോചിതനാവുന്നതേയുള്ളുവെന്നാണ് പരിശീലകൻ അറിയിച്ചിരിക്കുന്നത്. ഇന്നും ലൂണയുടെ സേവനം ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുമെന്ന് ചുരുക്കം. 

ആദ്യ കള്ളിയിൽ തന്നെ ഗോൾ കണ്ടെത്തിയ മുന്നേറ്റനിരതാരം ജീസസ് ജിമിനെസിനെ ഇന്ന് ആദ്യ ഇലവനിൽ ഇറക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. പെപ്രേയ്ക്ക് പകരം ജീസസ് നോവ കൂട്ടുകെട്ട് മുന്നേറ്റനിരയിൽ കളിച്ചേക്കും. ഫോമിലേയ്ക്ക് മടങ്ങി വരുന്നതിന്റെ സൂചനകൾ പ്രകടമാക്കിയ കെപി രാഹുലും വിപിൻ മോഹനനും ടീമിലുണ്ടാകും. പ്രതിരോധനിരയിൽ മിലോസ് ഡ്രിൻസിച്ചിനൊപ്പം അലക്സാണ്ടർ കോഫെയും ഇറങ്ങുമ്പോൾ ഒപ്പം പ്രീതം കോട്ടാലിനും അവസരം ലഭിക്കും.
മറുവശത്ത് ആദ്യകളിയിൽ ബാംഗ്ലൂർ എഫ്‌സിയുമായി ഏറ്റ തോൽവിയുടെ ഭാരവുമായിട്ടാണ് എഫ്‌സി ഈ സ്റ്റ് ബംഗാൾ കൊച്ചിയിൽ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കളി പഠിച്ച ഒരുപിടി താരങ്ങൾ തന്നെയാണ് ഈസ്റ്റ് ബംഗാളിന്റെ ശക്തി. കഴിഞ്ഞ സീസൺവരെ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമായ ദിമിത്രിയോസ് ഡയമന്റകോസിൽ തന്നെയാണ് ബംഗാളും പ്രതീക്ഷകൾ വയ്ക്കുന്നത്. കൊച്ചിയിലെ മൈതാനത്തിന്റെ മുക്കുംമൂലയും മനപാഠമാക്കിയ ദിമി രണ്ട് സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞതിന് ശേഷമാണ് ഈ സീസണിൽ ബംഗാളിലേക്ക് പോയത്. മഞ്ഞക്കുപ്പായത്തിൽ അവസാന സീസണിൽ കളിച്ച് ഗോൾഡൻ ബൂട്ടുമായിട്ടാണ് ദിമി ഈസ്റ്റ് ബംഗാളിൽ ചേക്കേറിയിരിക്കുന്നത്. വലിയ ആരാധകവൃന്ദത്തിന് നടുവിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാനിറങ്ങുമ്പോൾ സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് മത്സരത്തിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ ദിമിത്രിയോസ് പറഞ്ഞു. 

ഏറെക്കാലം ബ്ലാസ്റ്റേഴ്സിന്റെ ഗോൾവലകാത്ത ഗുർസിമ്രത് ഗിൽ തന്നെ ബംഗാളിന്റെ ക്രോസ് ബാറിന് കീഴിലുണ്ടാകും. മറ്റൊരു മുൻമഞ്ഞപ്പടതാരമാണ് ആതിഥേയരുടെ മധ്യനിരയുടെ താക്കോൽ കയ്യാളുന്നത്. അഞ്ച് വർഷക്കാലം ബ്ലാസ്റ്റേഴ്സിൽ പന്ത് തട്ടിയ ജീക്സൻ സിങ്ങിന്റെ വരവോടെ ബംഗാളിന്റെ മധ്യനിരയ്ക്ക് പതിവില്ലാത്ത കെട്ടുറപ്പ് കൈവന്നിട്ടുണ്ട്. എല്ലാത്തിനും അപ്പുറം ബ്രസീലിയൻ താരമായ സ്ലേറ്റൻ സിൽവ എന്ന പ്ലേ മേക്കർ ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സെറ്റ്പീസുകൾ ഗോളാക്കി മാറ്റുന്നതിൽ മിടുക്കനാണ് സിൽവ. പ്രതിരോധ കോട്ടയുടെ വിള്ളൽ മുതലെടുക്കാൻ ദിമിയും സിൽവയും ഒരിമിച്ച് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് വിയർക്കുമെന്ന് ഉറപ്പാണ്. കന്നി ജയം നേടി ആരാധകരെ സന്തോഷത്തോടെ കൊച്ചിയിൽ നിന്ന് യാത്രയാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആശങ്കകളില്ലാത്ത ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറെ വ്യക്തമാക്കുമ്പോൾ തോൽക്കില്ലെന്ന് ഉറപ്പിച്ച പറയുന്ന ബംഗാളിന്റെ പോരാട്ടവീര്യത്തിന് കൂടി മൈതാനം സാക്ഷ്യം വഹിക്കും. 

Exit mobile version