സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനല്‍ കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സാണ് ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്. മലയാളി താരം സഹൽ അബ്ദുൾ സമദ്, സുഹൈൽ ഭട്ട് എന്നിവരാണ് മോഹന്‍ ബഗാന്റെ സ്കോറര്‍മാര്‍.
23-ാം മിനിറ്റിൽ ബഗാന്‍ ഗോള്‍ കണ്ടെത്തി. സലാഹുദ്ദീൻ അദ്‌നാൻ നൽകിയ പാസ് സ്വീകരിച്ച സഹല്‍, ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വലയില്‍ പന്തെത്തിച്ചു. ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 28-ാം മിനിറ്റില്‍ മോഹ സദൗവിയുടെ ഗോള്‍ ശ്രമം ബഗാന്‍ ഗോള്‍കീപ്പര്‍ ധീരജിന്റെ മികച്ച സേവില്‍ അവസാനിച്ചു. ഇതോടെ ആദ്യ പകുതി 1–0ന് ബഗാന്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുറച്ചിറങ്ങിയ ബ്ലാസ്റ്റേഴ്സ് പെപ്രയെ ഇറക്കി. ഗോളവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് പലപ്പോഴായി നേരിടാറുള്ള ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. 51-ാം മിനിറ്റില്‍ ബഗാന്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല വീണ്ടും ചലിപ്പിച്ചു. മലയാളി താരം ആഷിക് കുരുണിയന്റെ പാസില്‍ സുഹൈൽ ഭട്ട് ഗോള്‍ നേടി. തിരിച്ചടിക്കാന്‍ ഏറെ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആശ്വാസ ഗോള്‍ നേടി. ശ്രീക്കുട്ടനാണ് സ്കോറര്‍. എന്നാല്‍ സമനില കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ജയത്തോടെ മോഹന്‍ ബഗാന്‍ സെമിഫൈനലില്‍ പ്രവേശിച്ചു.

