ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശരായില്ല. ഇന്ത്യൻ സൂപ്പർലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് എഫ് സി ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ചു. രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണയും (72) പകരക്കാരനായി ഇറങ്ങിയ ഇവാൻ കലിയുസ്നിയുടെ ഇരട്ടഗോളുമാണ് (82,89) കൊമ്പന്മാർക്ക് വേണ്ടി ആരാധകർക്ക് വിരുന്നൊരുക്കിയത്. സന്ദർശകർക്കായി അലക്സ് (88) വല കുലുക്കി.
മത്സരത്തിൽ ആകെ പിറന്ന നാലുഗോളുകളും രണ്ടാംപകുതിയുടെ 70-ാം മിനിറ്റുകൾക്ക് ശേഷമാണ്. ലീഗിലെ ആദ്യമത്സരത്തിൽ ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്സിന് 16ന് എടികെ മോഹൻബഗാനുമായി ഏറ്റുമുട്ടാം. 4–3‑3 ശൈലിയിലാണ് ഇരുടീമുകളും ആദ്യമത്സരത്തിനിറങ്ങിയത്. ദിമിത്രോസ് ഡയമന്റകോസും അപോസ്തലോസ് ജിയാനുവുമായിരുന്നു ബ്ലാസ്റ്റേഴ്സ് മുൻനിരയിൽ. ലൂണയും സഹലും പൂട്ടിയയും മധ്യനിര നിയന്ത്രിച്ചപ്പോൾ ഖബ്രയും ഹോർമിപാമും ക്യാപ്റ്റൻ ജെസലും ലെസ്പോവിക്കും പ്രതിരോധനിര കാത്തു. മറുവശത്ത് മലയാളിതാരം വി പി സുഹൈറിനെ ക്ലെന്റോ സിൽവയ്ക്കൊപ്പം മുന്നേറ്റ നിരയിൽ ഇറക്കിയാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി തുടങ്ങിയത്. പരമ്പരാഗത മഞ്ഞ നിറത്തിൽ അവതരിപ്പിച്ച പുതിയ ഹോം ജേഴ്സിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആർത്തിരമ്പുന്ന മഞ്ഞക്കടൽ ആരവങ്ങൾക്ക് നടുവിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. പന്ത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാലിൽ സ്പർശിച്ചപ്പോഴേല്ലാം മൈതാനം പ്രകമ്പനം കൊണ്ടു. മൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ഈസ്റ്റ് ബംഗാളാണ് ആക്രമണത്തിന് തുടക്കമിട്ടത്. വൈകാതെ ക്യാപ്റ്റൻ ജസലിന്റെ പ്രത്യാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മറുപടി. ആറാം മിനിറ്റിൽ വീണുകിട്ടിയ കോർണറാണ് ബ്ലാസ്റ്റേഴ്സിന് അവസരം തുറന്നത്. ലൂണയെടുത്ത കോർണറിൽ തലവെച്ച ലെസ്പോവിക്കിന് പിഴച്ചു. പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തേയ്ക്ക്. തൊട്ടുപിന്നാലെ ഗോളുറപ്പിച്ച ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം. അലക്സ് ലീമയുടെ നെടുനീളൻ ഷോട്ട് ഏറെ പണിപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് ഗോളി ഗിൽ തട്ടിയകറ്റിയത്.
വീണ്ടും ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഗോളവസരത്തിന്റെ വാതിൽ തുറന്നത് ക്യാപ്റ്റൻ ജെസൽ തന്നെ. മുന്നോട്ട് ആഞ്ഞുവന്ന് ജെസൽ നൽകിയ പന്ത് സ്വീകരിച്ച് ലൂണ ഗോൾപോസ്റ്റിലേയ്ക്ക് പറത്തിവിട്ടപ്പോൾ അവസരം കാത്തുനിന്ന ജിയാനുവിന് അത് പോസ്റ്റിലേയ്ക്ക് തിരിക്കുക മാത്രമായിരുന്നു ജോലി. പക്ഷെ ആദ്യ ടച്ചിൽ തന്നെ പന്ത് പോസ്റ്റിലുരുമ്മി പുറത്തേയ്ക്ക് പാഞ്ഞു. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന് ആദ്യമായി ലഭിച്ച സുവർണാവസരമായിരുന്നു ഗോളാകാതെ പോയത്. ആദ്യമിനിറ്റുകളിൽ സഹലിനെ അനങ്ങാനാവാത്ത വിധം ഈസ്റ്റ് ബംഗാൾ പ്രതിരോധ നിര പൂട്ടിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. 25-ാം മിനിറ്റിൽ കെട്ടുപൊട്ടിച്ച് സഹൽ നടത്തിയ മുന്നേറ്റം നിർഭാഗ്യം കൊണ്ടാണ് ഗോൾ ആകാതിരുന്നത്. സഹൽ നൽകിയ പന്ത് സ്വീകരിച്ച് പൂട്ടിയ ബോക്സിലേയ്ക്ക് തൊടുത്തെങ്കിലും ഗോളായില്ല. മത്സരത്തിന്റെ പിരിമുറക്കം മൈതാനത്തും പ്രകടമായിരുന്നു. ഒരുവേള കയ്യാങ്കളിയിലേയ്ക്കും കാര്യങ്ങൾ നീങ്ങി. ജീക്സൺ സിങ് അടക്കമുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഏറെ പണിപ്പെട്ടാണ് റഫറി നിയന്ത്രിച്ചത്. ഒടുവിൽ മത്സരത്തിന് ജീവൻവച്ചത് 41-ാം മിനിറ്റിൽ. ബോക്സിന് വെളിയിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രികിക്ക്. കിക്ക് എടുത്തത് അഡ്രിയാൻ ലൂണയും. കഴിഞ്ഞ സീസണിൽ മൂന്ന് ഗോളുകളാണ് സമാനമായ രീതിയിൽ ലൂണ നേടിയത്. വീണ്ടും ഒരു മാജിക് ആരാധകർ പ്രതീക്ഷിച്ച സമയം. പക്ഷെ ലൂണയുടെ കിക്ക് ഏറെ പണിപ്പെട്ട് ഈസ്റ്റ് ബംഗാൾ ഗോളി കമൽജിത് സിങ് തടുത്തിട്ടു. ഇതടക്കം വീണുകിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനുമായില്ല.
തിങ്ങി നിറഞ്ഞ കാണികൾക്കായി ഒരു ഗോളെന്ന ലക്ഷ്യം നടപ്പിലാക്കാൻ വേണ്ടിയാണ് രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 54-ാം മിനിറ്റിൽ തുറന്നുകിട്ടിയ ഗോളെന്നുറച്ച അവസരം മുതലാക്കാൻ ലൂണയ്ക്കായില്ല. വലതുവശത്ത് നിന്ന് ഉയർന്ന വന്ന ബോൾ ലൂണയിലേയ്ക്ക് എത്തുമ്പോൾ മുന്നിൽ ഗോളി മാത്രം. എന്നാൽ അവിടെയും ബ്ലാസ്റ്റേഴ്സിനെ നിർഭാഗ്യം വിടാതെ പിന്തുടർന്നു. മധ്യനിര അടക്കവാണ പൂട്ടിയയും ലൂണയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്ലേമേക്കേഴ്സ്. രണ്ടാംപകുതിയിലും ഇരുവരും ചേർന്ന് അനവധി ഗോളവസരങ്ങളാണ മെനഞ്ഞത്. പക്ഷെ നിർഭാഗ്യമായിരുന്നു കൂട്ട്. 70-ാം മിനിറ്റിൽ സഹലിനെ പിൻവലിച്ച് കെ പി രാഹുൽ മൈതാനത്ത്. തൊട്ടടുത്ത മിനിറ്റിൽ കാത്തിരുന്ന നിമിഷമെത്തി. തനിക്കായി അലറിവിളിച്ച പതിനായിരങ്ങളെ സാക്ഷി നിർത്തി ലൂണയുടെ മിന്നും ഗോൾ. മധ്യഭാഗത്ത് നിന്ന ഖബ്ര ഉയർത്തിവിട്ട പന്തിൽ ബംഗാൾ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ ലൂണ വലയിലേയ്ക്ക് കോരി നിറച്ചപ്പോൾ കലൂർ സ്റ്റേഡിയം ഒരിക്കൽകൂടി പ്രകമ്പനം കൊണ്ടു. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യഗോൾ; ഐഎസ്എൽ 2022 ലെ ആദ്യ ഗോൾ. ഒരുപിടി ചരിത്രങ്ങളും പിറന്നു ലൂണയുടെ ആ ഒറ്റ ഗോളിലൂടെ.
മുന്നിലെത്തിയതിന്റെ കരുത്തിൽ ബംഗാൾ ഗോൾമുഖത്തേയ്ക്ക് മഞ്ഞപ്പട ആക്രമണം കടുപ്പിച്ചു. 82-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഉക്രെയ്ൻതാരം ഇവാനിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗാൾ വല കുലുക്കി. പന്തുമായി ഇവാൻ മുന്നോട്ട് കുതിച്ചപ്പോൾ മറ്റൊരു താരത്തിന് പാസ് നൽകുമെന്നാണ് ബംഗാൾ പ്രതിരോധം കണക്കുകൂട്ടിയത്. പക്ഷെ ആ കണക്ക്കൂട്ടലുകൾ തെറ്റിച്ച് ബോക്സിലേയ്ക്ക് കയറിയ ഇവാൻ ഒറ്റയ്ക്ക് ലക്ഷ്യം നിറവേറ്റിയപ്പോൾ ഏകപക്ഷിയമായ രണ്ട് ഗോളുകൾക്ക് മഞ്ഞക്കുപ്പായക്കാർ മുന്നിൽ. വൈകാതെ ബംഗാളിന്റെ മറുപടി 88-ാം മിനിറ്റിലൂടെ. അലക്സിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് വലകുലുക്കി. ഗോൾ വ്യത്യാസം ഒന്നായി കുറഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഇവാൻ കലിയുസ്നി രക്ഷകനായി. അനുകൂലമായി കിട്ടിയ കോർണർ കിക്ക് ദിശതെറ്റി ഇവാന്റെ കാലുകളിൽ. ബംഗാളിന് ഒന്ന് ചിന്തിക്കാൻ സമയംകിട്ടുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. വൈകാതെ ലോങ് വിസിൽ മുഴുങ്ങുമ്പോൾ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം സ്വന്തമാക്കി കേരളത്തിന്റെ കൊമ്പന്മാർ കൂടാരം കയറി.
English Summary: Blasters fill the stadium in Kochi; Started by beating East Bengal
You may like this video also