കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് 3–2 ന് തോറ്റു. അവസാന നിമിഷം കളി നഷ്ടപ്പെട്ടത് നിരാശാജനകമായി. മുന്നേറ്റനിര മികച്ചുനിന്നു രക്ഷാനിര ഫലപ്രദമായില്ല. കഴിഞ്ഞകളിയിൽ എല്ലാം പിഴച്ചു. ഇത്തവണ മുന്നേറ്റനിരയുടെ കളിയിൽ രണ്ട് ഗോൾ നേടാനായെന്ന് മാത്രം. കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയം എതിരാളികളുടെ തട്ടകമാണ്. അവിടെ നിന്ന് തോറ്റത് സ്വാഭാവികം. പക്ഷെ, ജയിച്ചകളി കളഞ്ഞതാണ് വിഷമം. ഇവിടെയാണ് സമർത്ഥനായ കോച്ചിന്റെ അഭാവം പ്രകടമാകുന്നത്. ഇപ്പോൾ 12 കളിയിൽ 11 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്. ഇത്രയും മോശമായ അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. കളിയിൽ തോൽവിയും ജയവും എല്ലാം സാധാരണയാണ്. എന്നാൽ ഈ സീസണിൽ തികച്ചും നിറം മങ്ങിയ പ്രകടനം. ഓരോ കളിയും കഴിഞ്ഞാൽ ആ കളിയിലുണ്ടായ പിഴവുകൾ പരിശോധിക്കുന്ന മാച്ച് റിവ്യു നടക്കാറുണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെ വരില്ലല്ലോ.
ഒരുടീമിന് ജനപിന്തുണ പ്രധാനമാണ്. അത് നശിപ്പിക്കരുത്. അവർ ഉണ്ടാക്കിത്തന്ന ജനകീയത നഷ്ടപ്പെട്ടാൽ അത് ടീമിനെയും കേരള ഫുട്ബോളിനെയും ബാധിക്കും. ഫുട്ബോൾ ഹൃദയത്തിന്റെ അഗാധതലങ്ങളിൽ സമ്മിശ്രവികാരങ്ങൾ സൃഷ്ടിക്കുന്ന കളിയാണ്.
കളികാണുമ്പോഴും ഇഷ്ടപ്പെട്ട ടീം ജയിച്ചെന്നറിയുമ്പോഴും മനസ് ആഹ്ലാദത്തിലാകും. കളികാണുന്ന ഒരാൾ അറിയാതെ ഏതെങ്കിലും ടീമിന്റെ പക്ഷം പിടിക്കുന്നത് സ്വാഭാവികമാണ്. ഏത് രാജ്യമെന്നോ കളിക്കുന്നത് ആരെന്നോ മുൻകൂട്ടി അറിയില്ലെങ്കിലും കളിയിൽ അദ്ദേഹം നന്നായി കളിക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നു. നല്ല കളിക്കാരുടെ ആരാധകനാകുന്നു. ഇത് പൊതുവികാരം ആണെങ്കിൽ സ്വന്തം രാജ്യം, സ്വന്തം ടീം ഒക്കെ മഹാഭൂരിപക്ഷം ജനങ്ങളിലും നിലനിൽക്കുന്നു. ലോകം അറിയുന്ന കളിക്കാരെയും ഏററവും നല്ല ടീമിനെയും അതിര്‍ത്തികളില്ലാത്ത അകലങ്ങളിൽ നിന്നും ജനങ്ങൾ പിന്തുണയ്ക്കുന്നു. ഫുട്ബോൾ ആരാധകർക്ക് സ്വന്തം രാജ്യം, ഇഷ്ട ടീം, ഇഷ്ടപ്പെട്ട കളിക്കാർ എന്നതൊക്കെ സമാനതകളില്ലാത്ത വികാരമാണ്. ആരാധക പിന്തുണ നഷ്ടമായാല്‍ ഏതു ടീമും ഇല്ലാതാകും.
ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റ ഫുട്ബോൾ ദുരവസ്ഥയും ഒരുപോലെയാണ്. ലോകറാങ്കിങ്ങിലെ 126 എന്ന ദുരിതത്തിന് നിന്നും കരകയറാൻ അടുത്തകാലത്തൊന്നും സാധിച്ചേക്കില്ല. നാഥനില്ലാത്ത കളരിപോലെയുള്ള അവസ്ഥ നമ്മുടെ രാജ്യത്തെ ഫുട്ബോളിനുണ്ട്. ഇപ്പോൾ സന്തോഷ് ട്രോഫിയിലെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുകയാണ്. ഇന്ത്യയുടെ ഭാവിതാരങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ തെരഞ്ഞെടുത്തു നാളത്തെ ഇന്ത്യൻ ടീമിനെ സൃഷ്ടിക്കാൻ വല്ല പരിപാടിയുമുണ്ടോ? അവർക്ക് നിരന്തരമായ വ്യായാമവും കടുത്ത പരിശീലനവും സമർത്ഥമായ കോച്ചിങ്ങും നൽകി ഒരു ടീമിനെ വാർത്തെടുക്കാൻ എന്താണ് കുഴപ്പം? ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന ടീമുകളിൽ കളിക്കുന്ന മികച്ച കളിക്കാരുടെ സേവനം കൂടി സ്വീകരിച്ചാൽ പരിതാപകരമായ ഇന്നത്തെ ഇന്ത്യൻ ഫുട്ബോളിന് ഒരു മാറ്റംവരുത്താൻ കഴിയും.