ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എവേ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ 3–2നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഒരു തവണ ലീഡെടുത്തെങ്കിലും തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് മഞ്ഞപ്പട ഉരുണ്ടുവീഴുകയായിരുന്നു. ജാമി മക്ലാരന്‍, ജേസണ്‍ കമ്മിങ്സ്, ആല്‍ബെര്‍ട്ടോ റോഡ്രിഗസ് എന്നിവര്‍ ബഗാന്റെ ഗോളുകള്‍ നേടി. ഇഞ്ചുറി സമയത്തായിരുന്നു റോഡ്രിഗസിന്റെ വിജയഗോള്‍. ജീസെസ് ജിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
തോല്‍വിയോടെ ബഗാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ 26 പോയിന്റാണ് അവര്‍ക്ക്. ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുകയാണ്,. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 11 പോയിന്റാണുള്ളത്. ഇനി പ്ലേ ഓഫ് കളിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.