Site iconSite icon Janayugom Online

ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവന്‍ അങ്കം

വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവ എഫ്‌സിയാണ് എതിരാളി. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. 

കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനോട് 3–0ന്റെ വമ്പന്‍ തോല്‍വി വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഗോവ പോയിന്റ് ഉയര്‍ത്താനുറച്ചാകും ഇറങ്ങുക. സ്വന്തം മണ്ണിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരൂ. എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 

മറ്റു ടീമുകളുടെ ജയപരാജയങ്ങൾകൂടി തുണച്ചെങ്കിൽ മാത്രമേ ഇനി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഇനിയുള്ള നാല് മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 36 പോയിന്റാകും. മോഹൻ ബഗാനെതിരെ ആത്മവിശ്വാസത്തോടെ കളിച്ചിട്ടും ബ്ലാസ്റ്റേഴ്സ് തോറ്റു. ഇത് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടാവും എന്നുറപ്പ്. എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 24 പോയിന്റാണുള്ളത്. ഏഴ് ജയമാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയത്. മൂന്ന് സമനില വഴങ്ങിയപ്പോൾ 10 വട്ടം തോൽവിയിലേക്കും വീണു. 30 ഗോളുകളാണ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് അടിച്ചത്. വഴങ്ങിയത് 33 ഗോളുകളും.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും എഫ്‌സി ഗോവ ജയിച്ചിരുന്നു. തോറ്റത് ഒരു കളിയിൽ മാത്രം. ഏറ്റവും ഒടുവിലെ മത്സരത്തിൽ മുംബൈ സിറ്റിയെ 3–1നാണ് ഗോവ തോല്പിച്ചത്. കഴിഞ്ഞ അഞ്ച് കളിയിൽ എഫ്‌സി ഗോവ 14 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് ആറ് ഗോളുകൾ മാത്രം. ഗോവയുടെ ആക്രമണത്തിന്റെ മുനയൊടിക്കാനും മധ്യനിരയിൽ വിള്ളലുണ്ടാക്കാനും കേരള ബ്ലാസ്റ്റേഴ്സിന് വിയർക്കേണ്ടി വരും. ടീമില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനാകും ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.

Exit mobile version