പുതിയ സഹപരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇന്ത്യന്‍ താരവും ക്ലബ്ബിന്റെ റിസര്‍വ് ടീം ഹെഡ് കോച്ചുമായിരുന്ന ടി ജി പുരുഷോത്തമനാണ് വരുന്ന സീസണില്‍ മഞ്ഞപ്പടയുടെ സഹപരിശീലകന്‍. കഴിഞ്ഞ സൂപ്പര്‍ കപ്പിനൊടുവില്‍ ക്ലബ്ബ് വിട്ട സഹ പരിശീലകന്‍ ഇഷ്‌ഫാഖ് അഹമ്മദിന്റെ പകരക്കാരനായാണ് പുരുഷോത്തമന്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ അദ്ദേഹം ഒപ്പുവച്ചു.
2001, 2004 സീസണുകളില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ ഗോള്‍ കീപ്പറായിരുന്നു ടി ജി പുരുഷോത്തമന്‍. ദേശീയ ഫുട്‌ബോള്‍ ലീഗില്‍ വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഗോള്‍വലയം കാത്തിട്ടുണ്ട്. 2005ല്‍ നാഷണല്‍ ഐ ലീഗ് കിരീടവും ഫെഡറേഷന്‍ കപ്പ് കിരീടവും നേടിയ മഹീന്ദ്ര യുണൈറ്റഡ് ടീം അംഗമായിരുന്നു. 2007-08 സീസണില്‍ ഐ ലീഗില്‍ വിവ കേരളയ്ക്ക് വേണ്ടി കളിച്ചാണ് ബൂട്ടഴിച്ചത്. 2021ലാണ് റിസര്‍വ് ടീം പരിശീലകനായി ടി ജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മഞ്ഞപ്പടയിലെത്തുന്നതിന് മുമ്പ് എഫ്‌സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. 2019ല്‍ കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
English Summary:Blasters: TG Purushotham is now the new co-coach
You may also like this video