Site iconSite icon Janayugom Online

ബംഗളൂരു കടമ്പ കടക്കാൻ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ബംഗളൂരു പരീക്ഷണം. സ്വന്തം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്‌സിയെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമല്ല. എന്നും ബ്ലാസ്റ്റേഴ്സിന്റെ കരുത്തരായ എതിരാളികളാണ് ബംഗളൂരു എഫ്‌സി. ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ എല്ലാം വാശിയേറിയ മത്സരത്തിലാണ് ആരാധകർ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഡ്യൂറൻഡ് കപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കികളാണ് ബംഗളൂരു . ആരാധകരുടെ മുന്നിൽ ബംഗളൂരുവിനോട് തോൽക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല. രാത്രി 7.30ന് ആണ് കിക്കോഫ്. 

2022–2023 ഐഎസ്എൽ പ്ലേ ഓഫിലെ വിവാദ ഗോൾ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും ബംഗളൂരു എഫ് സിയും തമ്മിലുള്ള ശത്രുത വർധിച്ചിരിക്കുകയാണ്. സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ബംഗളൂരു എന്നതാണ് ശ്രദ്ധേയം. ലീഗിലെ കഴിഞ്ഞ കളികളെ അപേക്ഷിച്ചു ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശരിക്കും വിയർപ്പ് ഒഴുക്കേണ്ടി വരും. അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു ജയവും ഒരു സമനിലയുമായി 13 പോയിന്റ് നേടിയ ബംഗളൂരു പോ­യിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് നയിക്കുന്ന മുന്നേറ്റ നിരയെ പൂട്ടുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനുള്ള എളുപ്പവഴി. ദേശീയ കുപ്പായം അഴിച്ചെങ്കിലും ക്യാപ്റ്റൻ സുനിൽ ഛേ­ത്രിയും മിന്നുന്ന ഫോമിൽ തന്നെയാണ്. എല്ലാത്തിലും ഉപരി ബംഗളൂരുവിന്റെ ഗോൾ വല കാക്കുന്ന ഗുർപ്രീത് സിങ് സന്തുവിന്റെ അസാമാന്യ പ്രകടനം ആണ് ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കുന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ടീമിനും ബം­­ഗ­ളൂ­രുവിനെതിരെ ഗോൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് താളം കണ്ടെത്തിയ മുന്നേറ്റ നിര തന്നെയാണ് കരുത്ത്. ഗോളടിച്ചു കൂട്ടുന്ന നോവ സദോയിയുടെ ബൂട്ടിന്റെ കരുത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ അഞ്ചു കളികളിലും പ്ലെയർ ഓഫ് ദി മാച്ച് ഈ മൊറോക്കൻ മുന്നേറ്റനിര തമാരമാണ്. കൂട്ടിന് ജുമിനസ് ജീസസ് എന്ന സ്പാനിഷ് സ്ട്രൈക്കറും ഉണ്ട്. അവസാന കളിയിൽ മുഹമ്മദൻസ് എഫ്‌സിക്കെതിരെ വിജയ ഗോൾ ജീസസ് വകയാണ്. എല്ലാത്തിനും അപ്പുറം പൂർണ കായിക ക്ഷമത വീണ്ടെടുത്ത അഡ്രിയൻ ലൂണ എന്ന പ്ലേ മേക്കറിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. 2023 ഡിസംബറിന് ശേഷം കഴിഞ്ഞ കളിയിലാണ് ലൂണ പൂർണമായും മുഴുവൻ സമയവും കളത്തിൽ ഇറങ്ങിയത്. ലൂണ മടങ്ങി വരുന്നതോടെ മധ്യനിരയുടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് പരിശീലകൻ മൈക്കിൽ സ്റ്റാറെ വിശ്വസിക്കുന്നത്. 

രണ്ടു ജയവും രണ്ടു സമനിലയും ഒരു തോ­ൽവിയുമായി എട്ട് പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. മുഹമ്മദൻ എസ്‌സിക്ക് എതിരായ എവേ പോരാട്ടത്തിൽ പിന്നിൽ നിന്നെത്തി ജയം നേടിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടിയായിരുന്നു മുഹമ്മദൻസ് എസ്‌സിക്ക് എതിരായ എവേ പോരാട്ടത്തിൽ 2–1 ന്റെ ജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി അവസാന മത്സരത്തിൽ ഗോൾ വല കാത്ത സോം കുമാർ ബംഗളൂരുവിനെതിരെ ഇറങ്ങിയേക്കില്ല. പകരം ഒന്നാം നമ്പർ ഗോൾ കീപ്പറായ സച്ചിൻ സുരേഷ് ഗോൾ വലയ്ക്കു മുന്നിൽ എത്തും.

Exit mobile version