ഫുട്ബോൾ കളിക്കാരുടെ കൂടുമാറ്റത്തിന്റെ വാതിൽ തുറന്നിരിക്കുന്നു. തോൽവിയുടെ ദുഃഖവും പേറി ആരാധകരിൽ നിന്ന് അകന്നു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ കാര്യമാണ് കേരളീയർ പ്രധാനമായും ചിന്തിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ തൊട്ടടുത്ത് ചെന്നിട്ടും നിർഭാഗ്യംകൊണ്ട് മാത്രം നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കുവാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് ഈ സീസൺ അപകടകരമാണ്. ആർക്കും ചവുട്ടി മെതിക്കാവുന്ന കാർപെറ്റ് പോലെ സ്വന്തം ടീം തകർന്നുകൊണ്ടിരിക്കുമ്പോൾ ആരും വേദനിക്കും. മരവിച്ചു കിടക്കുന്ന കേരള ഫുട്ബോളിന് ചൈതന്യം പകർന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണെന്ന് നിസംശയം പറയാം. ലോക ഫുട്ബോളിന്റെ മാറ്റങ്ങളും കളിയിലെ പുതിയ തന്ത്രങ്ങളും ടിവിയിൽ കണ്ട് ഫുട്ബോൾ കമ്പം മനസിൽ സൂക്ഷിച്ചവർക്ക് മഞ്ഞപ്പട ഒരു വലിയ ആവേശമായിരുന്നു. വിദേശ കളിക്കാരുടെ കൂടി ഉൾബലത്തിൽ മഞ്ഞപ്പട കടന്നു വന്നപ്പോൾ കേരളത്തിന്റെ പഴയകാല ഫുട്ബോൾ ആവേശം പുനർജനിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ സെമി പ്രൊഫഷണൽ ടീമുകളിൽ ഒന്നായി ബ്ലാസ്റ്റേഴ്സ് വളർന്നു.
കഴിഞ്ഞ ഒരു ദശവര്‍ഷക്കാലത്തിലധികമായി മഞ്ഞപ്പട ജനഹൃദയങ്ങളിൽ ഓളം സൃഷ്ടിച്ചിട്ട്. നടപ്പുവർഷം നിരാശയുടെയും നിസഹായതയുടെയും വർഷമായി തുടരുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് കോച്ച് പോലും ഇല്ലാത്ത ദുഃസ്ഥിതിയിലെത്തി. ഇവിടെയാണ് പ്രധാനപ്പെട്ട ചില ചർച്ചകൾ വരുന്നത്. കളിയിൽ തോൽവിയും ജയവും മാറിമാറി വരും. എന്നാൽ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി. മാനേജ്മെന്റ് ഇരുട്ടിൽ ആണോ, തുടക്കം എറണാകുളം സ്റ്റേഡിയത്തിൽ കൊട്ടും കുരവയും വേഷങ്ങളും എല്ലാമായി വന്ന മഞ്ഞപ്പട നിരാശയിലാണ്. അവർ പ്രതിഷേധവുമായി വന്നപ്പോൾ ഉടമകൾ സ്വയം വിമർശനം നടത്തണമായിരുന്നു.
പുതിയ വർഷത്തെ കളിക്കാരുടെ വിന്റോ ജാലകം തുറന്നു കഴിഞ്ഞു. ഈ മാസം 31 വരെയാണ് സമയം. അഭ്യൂഹങ്ങൾ പലതും പുറത്തുവരുന്നുണ്ട്. കെ പി രാഹുലിന്റെ കാര്യമാണ് പുറത്ത് വന്നത്. സെലക്ഷൻ നടത്തുമ്പോൾ ഒരുടീമിന് അത്യാവശ്യമായ പൊസിഷനിൽ പ്രാപ്തരായ കളിക്കാർ ഉണ്ടായിരിക്കണം. ഡിഫൻസ്, മിഡിൽ, ഫോർവേർഡ് ഇങ്ങനെ മൂന്ന് തലത്തിൽ കാണുമ്പോൾതന്നെ ചില കളിക്കാരെ വ്യത്യസ്തമായ വിങ്ങുകളിലേക്ക് കൂടി സെലക്റ്റ് ചെയ്യണം. കോച്ചിന്റെ പങ്കും ഈ കാര്യത്തിൽ പ്രധാനമാണ്. അടുത്ത കാലത്തെ വലിയ മാതൃക സന്തോഷ്‌ട്രോഫി തന്നെയാണ്. ബംഗാളിനോട് കേരളം തോറ്റുവെങ്കിലും നമ്മുടെ ടീം സെലക്ഷനും ഓരോകളികളിലും കളിക്കാരെ വിന്യസിപ്പിച്ചതും കരുതലോടെയാണ്. ടീം സെലക്ഷൻ കണിശമായിരുന്നു. ടീമിലെ പ്രധാനികളെല്ലാം കെഎസ്എല്ലിൽ തിളങ്ങി വന്നവരാണ്. സെമിയിൽ റഫറി കാണിച്ച ഫൗൾ പ്ലേ ഇല്ലായിരുന്നെങ്കിൽ എട്ടാം കിരീടം കേരളത്തിൽ എത്തുമായിരുന്നു. അതിൽ ഒമ്പത് കളിക്കാർ കെഎസ്എല്ലില്‍ തെളിഞ്ഞുവരും. ഭാവിയുടെ ശുഭ പ്രതീക്ഷയുമാണ്. ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ പറ്റിയ നല്ല യുവനിരയാണ് നമ്മുടെ ശക്തി. അവർക്ക് വിദേശകളിക്കാരോട് കളിക്കാനും ഇവരുടെ അടവുകളും തന്ത്രങ്ങളും പരിചയപ്പെടാനും മറുതന്ത്രം മെനയാനും പ്രാപ്തമായത് കെഎസ്എൽ തന്നെയാണ്. പ്രായചെറുപ്പവും ഒരു വലിയ ഘടകമായിരുന്നു. മാത്രമല്ല, കോച്ച് കൃത്യമായും എതിർ ടീമിന്റെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനയാനും കളിക്കാർക്ക് ഊർജം നൽകി എതിരാളികളുടെ ബലഹീനത പഠിച്ച് ടീമിനെ ഗ്രൗണ്ടിലിറക്കാനും നന്നായി പരിശ്രമിച്ചു.
ലോക നിലവാരത്തിലുള്ള കോച്ചുകൾക്കും പിഴവുകൾ വരാം. ഇവിടെ ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം വ്യക്തമായ ചര്‍ച്ച ഇല്ലാത്തതാണ്. ഒരുദാഹരണം വേൾഡ് കപ്പിൽ നിന്നെടുക്കാം. 1970ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ബ്രസീലും ഇറ്റലിയും നേർക്കുനേർ പോരാട്ടം. ജയിക്കുന്നവർക്ക് യൂൾറിമെ കപ്പ് സ്വന്തം. കാരണം, അന്നത്തെ തീരുമാനപ്രകാരം മൂന്ന് തവണ ജയിക്കുന്നവർക്ക് കപ്പ് സ്വന്തമാകും. ഇറ്റലിയും, ബ്രസീലും രണ്ട് തവണ ജയിച്ചവരാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ കപ്പാണ്. ഫിഫയുടെ മുന്നാളത്തെ പ്രസിഡന്റ് യൂൾറിമെ സംഭാവനയായി നൽകിയതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് യൂൾറിമെയെന്ന് നാമകരണം ചെയ്തത്. ഫൈനൽ മത്സരത്തിന് മുമ്പ് ലോകം മുഴുവനും അത്യാകാംക്ഷയാണ്. പെലെയുൾപ്പെടെ കളിക്കുന്ന ടീമാണ് ബ്രസീൽ. പക്ഷെ മത്സരത്തിന് മുമ്പ് ഒരു വാർത്തവന്നു. മാർപാപ്പ ഇറ്റലി ജയിക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ബ്രസീൽ ടീം അംഗങ്ങൾ നേരിട്ട് ദൈവത്തിന്റെ കടാക്ഷം തേടി. മത്സരത്തിന്റെ തലേദിവസം കോച്ചും കളിക്കാരുമായി വിജയ തന്ത്രങ്ങൾ ആവിഷ്കരിച്ചു. ഇറ്റലിയുടെ ദൗർബല്യങ്ങൾ മുതലെടുക്കാൻ ഉള്ള വഴികൾ പ്ലാൻ ചെയ്തുവെന്ന് പെലെ വെളിപ്പെടുത്തിയിരുന്നു. വിജയം ബ്രസീൽ സ്വന്തമാക്കി. ചിലപ്പോൾ തന്ത്രങ്ങൾ പിഴയ്ക്കാം. കാരണം കളിയിലെ പൊടുന്നനെ വരുന്ന നീക്കങ്ങളാണ് തീരുമാനം പിഴപ്പിക്കുന്നത്.
ആധുനിക ലോകത്ത് ഫുട്ബോളിന്റെ ജനപ്രിയത അനുസ്യൂതം വളർന്നു വരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നാടിന്റെ അഭിമാനമാണ്. കളി ജയിക്കാൻ കഴിയണം. മാനേജ്മെന്റ് പുതിയ ചില പരിപാടികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആരാധകരുടെ കൂട്ടായ്മയിൽ നിന്ന് ഒരു അഡ്വൈസറി ബോർഡ് രൂപീകരിക്കുന്നു എന്നവാർത്ത കണ്ടു. സുഗമമായി പ്ലാനിങ്ങോടെ നടന്നാൽ ഗുണകരമാകും. ലോകമാകെ ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. അതിന്റെ ജനപ്രീതി നഷ്ടപ്പെടാതെ കൊണ്ട് പോകുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. വിദേശ കളിക്കാരെയും രാജ്യത്തെ കളിക്കാരെയും തെരഞ്ഞെടുക്കുമ്പോൾ മൂന്ന് വർഷക്കാലത്തേക്കെങ്കിലും ഉപയോഗിക്കാൻ കഴിയണം. ഇത്തവണത്തെ സന്തോഷ് ട്രോഫി ടീമിലെ ചിലകളിക്കാരെ മഞ്ഞക്കുപ്പായത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കണം.
വർത്തമാനകാലത്തെ ഇന്ത്യൻ ഫുട്ബോളിലെ പൊതുസ്ഥിതി വളരെ ദയനീയമാണ്. കേരളത്തിൽ ശ്രദ്ധിച്ചാൽ ഒരു വലിയ മാറ്റമുണ്ടാക്കാൻ കഴിയും. 1973ൽ സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് സ്ഥാപന ക്ലബ്ബുകളാണ്. എഫ്എസിടി, അലിന്റ് കുണ്ടറ, ടിസിസി, ടൈറ്റാനിയം, പ്രീമിയർ ടയേഴ്സ്, തുടങ്ങിയ ശക്തമായ ടീമുകൾ അന്നുണ്ടായിരുന്നു. ലാഭകരമായി നടക്കുന്ന സ്ഥാപനങ്ങളെ കോർത്തിണക്കി ക്ലബ്ബുകൾ തുടങ്ങിയാൽ പറ്റുമോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. കോൺക്ലേവ് നടത്തിയത് നല്ലകാര്യം. പക്ഷെ, പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാകരുത്. കെഎഫ്എയുടെ തീവ്ര പരിശ്രമം കൊണ്ട് കെഎസ്എൽ വന്നു, ജനങ്ങൾ കളികാണാൻ എത്തിച്ചേർന്നു.
പൊലീസ് ടീം വന്നപ്പോൾ പലരും ധരിച്ചു, പൊലീസ് ജനങ്ങളുമായി അകലത്തിലല്ലേ, അപ്പോൾ അവരെ ആരാണ് പിന്തുണയ്ക്കുക. ഫുട്ബോളിന്റെ മാസ്മരിക ശക്തി നിർവചനാതീതമാണ്.