കാലിഫോർണിയയിലെ ലേക് ടാഹോ മേഖലയിലുണ്ടായ ഹിമപാതത്തിൽ എട്ട് സ്കീയിംഗ് താരങ്ങൾ മരിച്ചു. കാണാതായ ഒൻപതാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണെങ്കിലും ഇയാൾ മരിച്ചതായാണ് കണക്കാക്കുന്നതെന്ന് നെവാഡ കൗണ്ടി ഷെരീഫ് ഷാനൻ മൂൺ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11:30ഓടെ കാസിൽ പീക്ക് മേഖലയിലാണ് ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഹിമപാതം ഉണ്ടായത്.
മൂന്ന് ദിവസത്തെ സ്കീയിംഗ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 11 വിനോദസഞ്ചാരികളും നാല് ഗൈഡുകളുമടങ്ങുന്ന 15 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറ് പേരെ രക്ഷപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഒരാൾ രക്ഷാപ്രവർത്തന സംഘത്തിലെ ഒരംഗത്തിന്റെ പങ്കാളിയാണെന്ന വിവരം രക്ഷാപ്രവർത്തകരെ വൈകാരികമായി തളർത്തിയിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൃതദേഹങ്ങൾ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രതികൂല കാലാവസ്ഥ കാരണം അവ പുറത്തെടുക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിന് മുൻപ് മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും സാധ്യതയുണ്ടെന്ന് ‘സിയറ അവലാഞ്ച് സെന്റർ’ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് യാത്ര തുടർന്നതാണോ അപകടകാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. ഹിമപാതത്തിന് ശേഷം മൂന്ന് അടിയോളം പുതിയ മഞ്ഞ് കൂടി വീണത് മേഖലയെ അതീവ അപകടാവസ്ഥയിലാക്കിയിരിക്കുകയാണ്. ‘ബ്ലാക്ക്ബേർഡ് മൗണ്ടൻ’ എന്ന ടൂർ ഗൈഡ് ഗ്രൂപ്പിന്റെ കീഴിലായിരുന്നു ഈ യാത്ര സംഘടിപ്പിച്ചത്. 1981ന് ശേഷം അമേരിക്കയിലുണ്ടാകുന്ന ഏറ്റവും മാരകമായ ഹിമപാത അപകടങ്ങളിൽ ഒന്നാണിത്. നിലവിൽ ഹൈവേകളും സമീപത്തെ സ്കീ റിസോർട്ടുകളും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ മലനിരകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

