ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാമൂഹികവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിയമപരമായ സാധുത നല്‍കുന്നതിനാണ് നിയമനിര്‍മ്മാണങ്ങള്‍. അതാത് കാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികളും കൊണ്ടുവരുന്നു. അതിനുള്ള പൂര്‍ണമായ അധികാരം സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ക്കും രാജ്യത്ത് പാര്‍ലമെന്റിനുമാണ്. എന്നാല്‍ ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങള്‍ പ്രകാരം ഇവ നടപ്പിലാകുന്നതിന് ഗവര്‍ണര്‍മാര്‍ അല്ലെങ്കില്‍ രാഷ്ട്രപതി അംഗീകരിക്കണമെന്നുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ കീഴ്‌വഴക്കം തങ്ങളുടെ ഔദാര്യമായി കാണുകയും രാഷ്ട്രീയ താല്പര്യങ്ങള്‍ നടത്താനുമുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത ഗവര്‍ണര്‍മാരില്‍ വ്യാപകമായിരിക്കുകയാണ്. നിയമനം രാഷ്ട്രീയത്തിന് അതീതമാണെന്നാണ് വയ്പെങ്കിലും അതാത് കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരാണ് പ്രസ്തുത സ്ഥാനത്തെത്തുന്നത്. 2014ല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം നിയമിക്കപ്പെട്ടവരാണ് സംസ്ഥാന ഗവര്‍ണര്‍മാരായി നിലവിലുള്ളത്. അവരുടെ രാഷ്ട്രീയഘടന പരിശോധിച്ചാല്‍ ബിജെപിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണെന്ന് കാണാന്‍ കഴിയും. മുന്‍കാലത്തും അതുതന്നെയാണ് ഗവര്‍ണര്‍ നിയമനത്തില്‍ സ്വീകരിച്ചിരുന്ന രീതിയെങ്കിലും പദവിയിലെത്തിയാല്‍ നിഷ്പക്ഷതയും പക്വതയാര്‍ന്ന സമീപനവും സ്വീകരിക്കാറുണ്ടായിരുന്നു, കേരളത്തിലുള്‍പ്പെടെ അപൂര്‍വം അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും. എന്നാല്‍ ബിജെപിയുടെ അധികാരാരോഹണത്തോടെ ആ പതിവ് തെറ്റുകയും പ്രതിപക്ഷ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വിവാദ നായകരായി മാറുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: നിയമനിര്‍മ്മാണത്തിലെ ഉജ്വല ചുവടുവയ്പ്
പ്രതിപക്ഷ മുഖ്യമന്ത്രിമാരുള്ള എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ കേന്ദ്ര ഭരണകക്ഷിയുടെ ഓഫിസ് പോലെ പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണുണ്ടായത്. അതാത് സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കുക എന്നത് അവരുടെ പ്രധാന വിനോദമാകുകയും ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുകയും ചെയ്തു. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ബില്ലുകള്‍ പിടിച്ചുവച്ചിരിക്കുന്നതിനെതിരെ സര്‍ക്കാരുകള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും അത് ഗൗനിക്കാതെ തങ്ങളുടെ പിടിവാശി തുടരുകയാണ് പല ഗവര്‍ണര്‍മാരും.
നമ്മുടെ സംസ്ഥാനത്ത് പതിനായിരക്കണക്കിന് ജനങ്ങളുടെ ദീര്‍ഘകാല പ്രശ്നപരിഹാരത്തിനുള്ള ബില്ലുകള്‍ പോലും അങ്ങനെ പിടിച്ചുവച്ചതായുണ്ട്. വിവിധ കാലയളവുകളില്‍ നിയമസഭ പാസാക്കി അയച്ച അരഡസനോളം ബില്ലുകളാണ് രാജ്ഭവനില്‍ തടഞ്ഞുവച്ചിരിക്കുന്നത്. അതിലൊന്നാണ് 2023ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ(ഭേദഗതി) ബില്‍. സംസ്ഥാനത്ത് ഇടുക്കി ഉള്‍പ്പെടെയുള്ള മലയോരജില്ലകളില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടിയ പതിനായിരക്കണക്കിന് പേരുടെ അനന്തരാവകാശികള്‍ വര്‍ഷങ്ങളായി നേരിടുന്ന പ്രശ്നം പരിഹരിക്കുകയായിരുന്നു ഭേദഗതി ബില്‍ ലക്ഷ്യംവച്ചത്. 1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകുകയുള്ളൂ. അതിന് സാധിക്കണമെങ്കില്‍ 1960ലെ ഭൂപതിവ് നിയമത്തില്‍ ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. അതുകൊണ്ടാണ് മൂലനിയമത്തില്‍ ഭേദഗതി ആവശ്യമായി വന്നത്. പ്രസ്തുത ബില്‍ തടഞ്ഞുവയ്ക്കുന്നതിന് കാരണമായി ഗവര്‍ണറുടെ ഓഫിസ് തല്പരമാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ചില പരാതികള്‍ ലഭിച്ചുവെന്നാണ്. പരിസ്ഥിതി സംഘടനകളും ഭാരതീയ വിചാര കേന്ദ്രവും പരാതി നല്‍കിയെന്നാണ് ഗവര്‍ണറുടെ ഓഫിസ് പ്രചരിപ്പിക്കുന്ന വാര്‍ത്ത. പരിസ്ഥിതി സംഘടനകള്‍ എന്നത് വിഷയത്തെ പൊതുവല്‍ക്കരിക്കാനുള്ള ഉപാധിയാണ്. എന്നാല്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഭാരതീയ വിചാരകേന്ദ്രമെന്നത് ശരിയാണെങ്കില്‍ അവര്‍ക്ക് എന്താണ് ഇതില്‍ പങ്ക് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്.
ഇതുകൂടി വായിക്കൂ: മലയോരങ്ങളില്‍ ആയിരങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരം
ഇൗ വലതുപക്ഷ സൈദ്ധാന്തിക സംഘടന ബിജെപിയുമായി വളരെ അടുപ്പമുള്ളതാണ്. രാഷ്ട്രീയ പാർട്ടി നേതാക്കൾ, മതമേലധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രതിനിധികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി പല തലങ്ങളില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ കൈവശഭൂമിയുടെ പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. അതിന്റെ തുടർച്ചയായിരുന്നു ഭേദഗതി ബിൽ. അത് ഭാരതീയ വിചാര കേന്ദ്രത്തിന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാന ബിജെപിയുടെ പങ്കും സംശയാസ്പദമാണ്. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ജനപക്ഷ നയങ്ങളെ പരാജയപ്പെടുത്തുക എന്ന കേവല ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുക വയ്യ. നിയമം പ്രാബല്യത്തിലാവുകയും കൈവശക്കാരുടെ ഭൂപ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്താല്‍ കയ്യേറ്റക്കാരെ പിടികൂടുക എളുപ്പമാകും. അത് തടയുകയെന്ന ഗൂഢോദ്ദേശ്യം ഇതിന് പിന്നിലുണ്ടോയെന്ന സംശയം അസ്ഥാനത്തല്ല. ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ പദവിയാക്കി തരംതാഴ്ത്തിയ ആരിഫ് മുഹമ്മദ്ഖാന്‍ അറിഞ്ഞോ അറിയാതെയോ അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.