Site iconSite icon Janayugom Online

ബ്ലൂ ടൈഡ്സ് കോൺക്ലേവ്: 7,288 കോടിയുടെ നിക്ഷേപ നിർദേശങ്ങൾ

കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനമേകി ബ്ലൂ ടൈഡ്സ് കേരള — യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സമാപിച്ചു. കോവളത്ത് നടന്ന ദ്വിദിന കോൺക്ലേവിൽ 28 നിക്ഷേപകർ 7,288 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ സമർപ്പിച്ചു. ഭാവിയിൽ സംസ്ഥാനവുമായുള്ള ബന്ധം സുഗമമാക്കുന്നതിന് കേരളത്തിൽ ഒരു പുതിയ ഏജൻസി സ്ഥാപിക്കാൻ യൂറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചു.
സമ്മേളനം വിജയമായിരുന്നുവെന്നും ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്ക് മാതൃകയായി മാറിയെന്നും സമാപന ചടങ്ങിൽ സംസാരിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോൺക്ലേവിൽ കേരളത്തിൽ നിന്നുള്ള 28 നിക്ഷേപകർ താല്പര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളുമായുള്ള കൂടുതൽ അടുത്ത സഹകരണത്തിന് സംസ്ഥാനം തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിർദേശിച്ചിട്ടുള്ള സംയുക്ത പ്ലാറ്റ്ഫോമും നോഡൽ പോയിന്റും അനുവദിക്കുന്നത് പരിഗണിക്കുന്നതിനായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇത് യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായുള്ള സഹകരണം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, ഫിഷറീസ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി, ഫിഷറീസ് ഡയറക്ടർ ചെൽസാസിനി വി തുടങ്ങിയവര്‍ സംസാരിച്ചു. 

Exit mobile version