Site iconSite icon Janayugom Online

ഗ്രീസിലെ ബോട്ടപകടം: മനുഷ്യക്കടത്ത് സംഘത്തിലെ ഒമ്പത് പേര്‍ അറസ്റ്റില്‍

ഗ്രീസില്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 78 പേര്‍ മരിച്ച സംഭവത്തില്‍ ഈജിപ്തുകാര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ബോട്ടില്‍ നൂറോളം കൂട്ടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 750 പേര്‍ വരെ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ ജീവനോടെ ആളുകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 

കോസ്റ്റ്ഗാര്‍ഡ് നേരത്തെ ഇടപെട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും തങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ നിരസിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പെലോപ്പൊന്നീസ് തീരത്ത് നിന്ന് പൈലോസിന് 47 നോട്ടിക്കല്‍ മൈല്‍ (87 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി അന്താരാഷ്ട്ര സമുദ്രത്തിലാണ് കപ്പല്‍ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും കപ്പലില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഈജിപ്ത്, സിറിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നുമാണ് അധികൃതര്‍ പറയുന്നത്. 

Eng­lish Sum­ma­ry: Boat acci­dent in Greece: Nine peo­ple in human traf­fick­ing ring arrested

You may also like this video

Exit mobile version