Site iconSite icon Janayugom Online

ബോട്ടും അന്തര്‍വാഹിനിയും കൂട്ടിയിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാനില്ല

ഗോവന്‍ തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവിക സേനയുടെ അന്തര്‍വാനിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 11 പേരെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കി. ഗോവ തീരത്ത് നിന്നും 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. മാര്‍ത്തോമ എന്ന ബോട്ടും നാവിക സേനയുടെ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാരിടൈം റെസ്ക്യു കോര്‍ഡിനേഷൻ സെന്ററി (എംആര്‍സിസി)ന്റെ നേതൃത്വത്തില്‍ തിരച്ചിൽ തുടരുകയാണ്. 

സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി തീരദേശസേനയില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ അയച്ചിട്ടുണ്ടെന്ന് നേവി വക്താവ് പറഞ്ഞു. ഇതിനോടകം ആറ് കപ്പലുകളും വിമാനങ്ങളും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാ സമുദ്രത്തിലെ നാവിക സേനയുടെ പ്രധാന ഭാഗമാണ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ. രഹസ്യാന്വേഷണ ശേഖരണം, കുഴിബോംബുകള്‍ സ്ഥാപിക്കൽ, പ്രദേശ നിരീക്ഷണം തുടങ്ങി നിരവധി ദൗത്യങ്ങള്‍ നിര്‍വഹിക്കാൻ ഇവ സഹായിക്കുന്നു. 

Exit mobile version