Site iconSite icon Janayugom Online

ബോട്ടുകള്‍ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടു നിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. വറുതിയുടെ നാളുകൾ അതിജീവിച്ച തീരദേശമേഖല ചാകരക്കോളിന് വേണ്ടി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മഴകുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയിൽ പ്രതിഫലിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. ആഴക്കടൽ തണുക്കാതിരിക്കുന്നതും മത്സ്യലഭ്യതയെ ബാധിച്ചേക്കാം. സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് മുമ്പ് മത്സ്യലഭ്യത വലിയ തോതിൽ കുറഞ്ഞത് ഇതിന്റെ സൂചനയാണ്. ഇത്തവണ ട്രോളിങ് നിരോധന കാലയളവിൽ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മഴ കുറഞ്ഞതും തീരക്കടൽ തണുക്കാതിരുന്നതുമാണ് വള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് തിരിച്ചടിയായത്. 

ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്ത്തിൽ ചാകര വലനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. എല്ലാത്തവണത്തെയും പോലെ ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയും കൂടുതലായി ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് അർധരാത്രിയിൽ കടലിൽ പോകുന്ന 36 അടി നീളമുള്ള നാടൻ ബോട്ടുകൾ ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തും. ചെമ്മീൻ ചാകരക്കോളാണ് ഈ ബോട്ടുകളുടെ പ്രതീക്ഷ. കൂടുതൽ ആഴക്കടലിലേക്ക് പോയി ദിവസങ്ങളോളം തങ്ങി മത്സ്യബന്ധനം നടത്തുന്നതാണ് വലിയ ബോട്ടുകളുടെ രീതി. 

ആദ്യദിനം രാത്രി കടലിൽ പോകുന്നവയിൽ 36 അടിവരെ നീളമുള്ള നാടൻ ബോട്ടുകൾ അടുത്ത ദിവസം ഉച്ചയോടെ മടങ്ങിയെത്തും. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ തീരപ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നു പൂർത്തിയാക്കും. പഴയ വലകളുടെ കേടുപാടുകൾ തീർത്തു, പുതിയ വലകൾ വാങ്ങി. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ടുമുതൽ അഞ്ചുലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്.

Eng­lish Sum­ma­ry; Boats back to sea; The ban on trolling will end today

You may also like this video

Exit mobile version