ക്യാരറ്റും കപ്പയും കൊണ്ട് ബൊക്ക. ആലപ്പുഴയിൽ നടന്ന കേരള അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയ കൃഷി മന്ത്രി പി പ്രസാദിന് കോട്ടയം കൃഷി വകുപ്പ് എഞ്ചിനീയറിംഗ് ഓഫീസിലെ ജീവനക്കാരൻ ടി കെ സുഭാഷ് അപൂർവ്വത നിറഞ്ഞ ബൊക്ക നൽകി. കപ്പയും ക്യാരറ്റും പ്രത്യേക രീതിയിൽ ചെത്തി മിനുക്കി ഭംഗിയായി നിർമ്മിച്ച് ബൊക്കയായിരുന്നു അത്. ഇതിന് മുൻപ് നൂറ് കിലോ ഗ്രാം ചേന കൊണ്ട് നിലവിളക്ക് ഉണ്ടാക്കി കാർഷിക മേളയോട് അമനുബന്ധിച്ചുള്ള പരിപാടിയിൽ വെച്ചിരുന്നു.
ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചപ്പോൾ സുഭാഷ് ചക്ക കൊണ്ട് മാത്രം തയാറാക്കിയ മണി, നിലവിളക്ക്, ശിൽപങ്ങൾ, പറ, തൂക്കുവിളക്ക് എന്നിവയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോലിക്കൊപ്പം കാർഷികവൃത്തികൂടി കൈമുതലായുള്ള സുഭാഷ് തന്റെ പുരയിടത്തിൽ വിളയുന്ന പച്ചക്കറികളാണ് രൂപങ്ങൾ സൃഷ്ടിക്കാൻ പലപ്പോഴും തിരഞ്ഞെടുക്കുന്നത്. പോരാത്തത് ചന്തയിൽ നിന്നും വാങ്ങിക്കും. ആകൃതിയും വലുപ്പവും എല്ലാം ഒത്തിണങ്ങിയത് കിട്ടാൽ അൽപം ബുദ്ധിമുട്ടാണെന്ന് സുഭാഷ് പറയുന്നു. കൈയിൽ കിട്ടുന്ന ഏതൊരു കാർഷികോൽപന്നത്തിലും ശിൽപം വിരിയിക്കാൻ സുഭാഷിന് പ്രത്യേക കഴിവാണ്.
സന്ദർഭത്തിനനുസരിച്ചും ലഭ്യമാകുന്ന ഉൽപന്നമനുസരിച്ചും കാർവിങ് നടത്തും. അതിന് വഴുതനയെന്നോ കൈതച്ചക്കയെന്നോ തണ്ണിമത്തനെന്നോ ചക്കയെന്നോ പ്രത്യേകതയില്ല. എന്തിനെയും കാഴ്ചയ്ക്ക് ഇമ്പമുള്ളതാക്കാൻ സുഭാഷിന് പ്രത്യേക ഇഷ്ടമാണ്. ഇതുവരെ പൊതു പരിപാടികളിൽ മാത്രമാണ് സുഭാഷിന്റെ കരവിരുതുകൾ പ്രദർശിപ്പിച്ചിട്ടുള്ളത്. അവസരം ലഭിച്ചാൽ ആർക്കും ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ തയാറാക്കി നൽകാനും സുഭാഷിന് മടിയില്ല. ഭാര്യ രമ അസിസ്റ്റന്റ് കൃഷി ഓഫീസർ ആണ്. മകൻ അഭിജിത്ത് വിദ്യാർഥിയും.