Site iconSite icon Janayugom Online

റഷ്യയിൽ 19 ദിവസമായി കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി

റഷ്യയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നദീതീരത്ത് യുവാവിന്റെതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തി.

രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്‌മൺഗഡിലെ കുഫുൻവാര സ്വദേശിയാണ് അജിത് സിങ്. റഷ്യയിലെ ഉഫ സിറ്റിയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഒക്ടോബർ 19 നാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങി യുവാവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് മൊഴി.

അജിതിന്റെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

Exit mobile version