Site iconSite icon Janayugom Online

ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരന്റെ മൃതദേഹം രാജസ്ഥാനിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആഗ്രയിൽ നിന്ന് കാണാതായ എട്ടുവയസ്സുകാരൻ അഭയ് പ്രതാപിന്റെ മൃതദേഹം രാജസ്ഥാനിലെ മണിയ ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ ആഗ്ര പോലീസാണ് മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ വിജയ് നഗറിലെ ട്രാൻസ്പോർട്ട് സ്ഥാപന ഉടമ വിജയ് പ്രതാപിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അഭയിനെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോളാണ് കാണാതായത്. കഴിഞ്ഞ ഏപ്രിൽ 30‑നാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം, കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് കത്ത് ലഭിച്ചിരുന്നു.
സംശയിക്കപ്പെടുന്നവരുടെ കോൾ വിശദാംശങ്ങളും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാജസ്ഥാനിലെ മാനിയയിൽ പോലീസ് എത്തി. അവിടെ ഒരു വയലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയും, അത് തുറന്നപ്പോൾ അഭയ് പ്രതാപിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പോലീസിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ജൂൺ 24‑ന് ലഭിച്ച ആദ്യത്തെ മോചനദ്രവ്യ കത്തിലെ കൈയക്ഷരം നോക്കി പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഗൗരവം കാണിച്ചില്ലെന്നും അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. ഇതിനുശേഷം പ്രതി നാല് കത്തുകൾ കൂടി അയച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. മറിച്ചെന്തെങ്കിലും ചെയ്താൽ കൂട്ടിയെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. കേസന്വേഷണം തുടരുകയാണെന്നും, സത്യത്തോട് അടുത്താണെന്നും കേസ് ഉടൻതന്നെ അവസാനിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് അമർദീപ് ലാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കുവേണ്ടി പോലീസ് സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.

Exit mobile version