Site iconSite icon Janayugom Online

ഇന്റർ മിലാനെ വീഴ്ത്തി ബൊലോഗ്ന ഫൈനലിൽ; സൂപ്പർ കപ്പ് പോരാട്ടത്തിൽ നാപ്പോളി എതിരാളികൾ

ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാനെ അട്ടിമറിച്ച് ബൊലോഗ്ന ഫൈനലിൽ. സൗദി അറേബ്യയിലെ അൽ അവ്വാൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബൊലോഗ്ന വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കളി തുടങ്ങി 70-ാം സെക്കൻഡിൽ തന്നെ മാർക്കസ് തുറാമിലൂടെ ഇന്റർ മിലാൻ മുന്നിലെത്തിയിരുന്നു. അലസ്സാൻഡ്രോ ബാസ്റ്റോണി നൽകിയ ക്രോസ് മനോഹരമായ ഒരു വോളിയിലൂടെ തുറാം വലയിലാക്കുകയായിരുന്നു. എന്നാൽ 35-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റിക്കാർഡോ ഒർസോളിനി ബൊലോഗ്നയെ ഒപ്പമെത്തിച്ചു.
ഇന്റർ താരം യാൻ ബിസെക്കിന്റെ ഹാൻഡ് ബോളിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ലീഡ് നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകളും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനവും കളി ഷൂട്ടൗട്ടിലേക്ക് നീട്ടി. 

ഷൂട്ടൗട്ടിൽ 3–2 എന്ന സ്കോറിനാണ് ബൊലോഗ്ന വിജയിച്ചത്. ഇന്റർ മിലാന് വേണ്ടി പന്തെടുത്ത അലസ്സാൻഡ്രോ ബാസ്റ്റോണി, നിക്കോളോ ബറേല, ആഞ്ചെ യോവൻ ബോണി എന്നിവർക്ക് പിഴച്ചപ്പോൾ ബൊലോഗ്നയ്ക്ക് അത് തുണയായി. ബൊലോഗ്നയുടെ സിറോ ഇമ്മൊബൈൽ ആണ് നിർണായകമായ അവസാന കിക്ക് വലയിലെത്തിച്ചത്. ലൂയിസ് ഫെർഗൂസൺ, ജോനാഥൻ റോ എന്നിവരും ബൊലോഗ്നയ്ക്കായി ലക്ഷ്യം കണ്ടു. ഇന്റർ നിരയിൽ ലൗട്ടാരോ മാർട്ടിനെസ്, സ്റ്റെഫാൻ ഡി വ്രിജ് എന്നിവർ മാത്രമാണ് പന്ത് വലയിലെത്തിച്ചത്. നാളെ റിയാദിൽ നടക്കുന്ന ഫൈനലിൽ ബൊലോഗ്ന കരുത്തരായ നാപ്പോളിയെ നേരിടും. 

Exit mobile version