Site icon Janayugom Online

ബ്രസീല്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് ബൊള്‍സൊനാരൊ

ബ്രസീല്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് മുന്‍ പ്രസിഡന്റും തീവ്രവലതുപക്ഷാനുഭാവിയുമായ ജയ്ര്‍ ബൊള്‍സൊനാരൊ. ഫ്ലോറി‍ഡയിലെ ഒര്‍ലാന്‍ഡൊയില്‍ നടന്ന പരിപാടിയിലാണ് ബൊള്‍സൊനാരൊയുടെ പരാമര്‍ശം. യുഎസിലെ ബ്രസീലിയന്‍ യാഥാസ്തിതിക പ്രവാസികളുടെ സംഘടനയായ യെസ് ബ്രസീല്‍ യുഎസ്എ അംഗങ്ങളുമായി സംസാരിക്കവെയാണ് ബൊള്‍സൊനാരൊയുടെ പ്രസ്താവന. നാനൂറോളം ബ്രസീല്‍ അനുഭാവികളാണ് പരിപാടിയില്‍ പങ്കെടുത്തത്. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷാനുഭാവിയായ ലൂയിസ് ഇനാഷ്യോ ലുല ഡ സല്‍വയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 30നാണ് ബൊള്‍സൊനാരൊ അമേരിക്കയിലേക്ക് കടന്നത്. ലുലയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൊള്‍സൊനാരൊ പങ്കെടുത്തിരുന്നില്ല. 

ബ്രസീല്‍ പ്രസിഡന്റെന്ന നിലയില്‍ ലോകനേതാക്കളെ സന്ദര്‍ശിക്കാനുള്ള വിസയിലാണ് ബൊള്‍സൊനാരൊ യുഎസിലെത്തിയത്. വിസാ കാലാവധി ആറുമാസത്തേയ്ക്ക് കൂടി നീട്ടാന്‍ അപേക്ഷ നല്‍കിയതായി ബൊള്‍സൊനാരൊയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ബൊള്‍സൊനാരൊ വീണ്ടും ആവര്‍ത്തിച്ചു. ഒരുമിച്ച് നിന്നാല്‍ നമുക്ക് ഇനിയും വിജയത്തിലെത്താന്‍ കഴിയുമെന്നും ബൊള്‍സൊനാരൊ പറഞ്ഞു. ജനുവരി എട്ടിന് ബൊള്‍സൊനാരൊ അനുഭാവികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ ബൊള്‍സൊനാരൊ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

Eng­lish Summary:Bolsonaro will con­tin­ue in Brazil­ian politics
You may also like this video

Exit mobile version