Site iconSite icon Janayugom Online

‘യെസ്ഡി’ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശം ബോമൻ ഇറാനിക്ക്; കർണാടക ഹൈക്കോടതി വിധി

ഇന്ത്യൻ ബൈക്കിങ് ചരിത്രത്തിലെ സുപ്രധാന ബ്രാൻഡായ ‘യെസ്ഡി’ മോട്ടോർസൈക്കിളിന്റെ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശം ക്ലാസിക് ലെജൻഡ്‌സിന്റെ സഹസ്ഥാപകൻ ബോമൻ ഇറാനിക്കാണെന്ന് കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. മുൻപ് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് 2025 നവംബർ 27ന് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ് വന്നത്.
യെസ്ഡിയുടെ മുൻ നിർമ്മാതാക്കളായിരുന്ന ഐഡിയൽ ജാവ കമ്പനി 1996ൽ ഉത്പാദനം നിർത്തിവെക്കുകയും 2001ൽ ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തതോടെ യെസ്ഡി ട്രേഡ്മാർക്ക് ഉപേക്ഷിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 15 വർഷത്തിലേറെയായി ട്രേഡ്മാർക്ക് രജിസ്ട്രേഷൻ പുതുക്കാനോ ബ്രാൻഡ് സംരക്ഷിക്കാനോ കമ്പനി ശ്രമിച്ചിട്ടില്ല.

ഇതിനു വിപരീതമായി, 2013–14 കാലയളവിൽ ബോമൻ ഇറാനി ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയും നിയമപരമായി ട്രേഡ്മാർക്ക് രജിസ്ട്രേഷനുകൾ നേടുകയും ചെയ്തു. ഇന്ത്യൻ പൈതൃക ബൈക്ക് ബ്രാൻഡുകൾക്ക് പുനർജന്മം നൽകുക എന്ന ലക്ഷ്യത്തോടെ, 2015ൽ അദ്ദേഹം അനുപം താരേജയുമായും മഹീന്ദ്ര ഗ്രൂപ്പുമായും ചേർന്ന് ക്ലാസിക് ലെജൻഡ്‌സ് സ്ഥാപിച്ചു. നിലവിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനിയാണ് യെസ്ഡി, ജാവ, ബി എസ് എ ബ്രാൻഡുകളിൽ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നത്. യെസ്ഡി ബ്രാൻഡിന് ഇറാനിയുടെ കുടുംബവുമായി ചരിത്രപരമായ ബന്ധമുണ്ട്. 1969ൽ ഐഡിയൽ ജാവയുമായുള്ള ജാവയുടെ യഥാർത്ഥ ലൈസൻസിംഗ് കരാർ അവസാനിച്ചതിന് ശേഷം, ഇറാനിയുടെ പിതാവാണ് ‘യെസ്ഡി’ എന്ന മുദ്ര സൃഷ്ടിച്ചത്. പേർഷ്യൻ ഭാഷയിൽ ‘കാറ്റ്’ എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഉത്തരവിനോട് പ്രതികരിച്ച ഇറാനി, “പൈതൃക ബ്രാൻഡുകളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നുവെന്ന് ഈ വിധി ഉറപ്പിക്കുന്നു” എന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version