സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഹോംസിലെ വാദി അൽ ദഹാബ് ജില്ലയിലുള്ള ഇമാം അലി ബിൻ അബി താലിബ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ന്യൂനപക്ഷ വിഭാഗമായ അലവൈറ്റുകൾ കൂടുതലായി താമസിക്കുന്ന മേഖലയാണിത്.
വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നതിനിടെ പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സാന റിപ്പോർട്ട് ചെയ്തു. ഇതൊരു ‘ഭീകരാക്രമണം’ ആണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ പള്ളിക്ക് ചുറ്റും സുരക്ഷാ സേന കനത്ത കാവൽ ഏർപ്പെടുത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സിറിയയെ അസ്ഥിരപ്പെടുത്താനുള്ള ഭീരുത്വപരമായ നീക്കമാണ് നടന്നതെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സിറിയൻ ജനതയുടെ പ്രതിരോധശേഷിയെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

