Site iconSite icon Janayugom Online

പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ബോംബ് സ്ഫോടനം: മൂന്ന് മരണം; 13 പേർക്ക് പരിക്കേറ്റു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വ്യാഴാഴ്ച ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 13 പേർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ വാന തഹ്‌സിലിൽ ഒരു ടാക്സി സ്റ്റാൻഡിലായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പട്രോളിംഗ് വാഹനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ പൊലീസ് ഓഫീസർ താഹിർ ഷാ പറഞ്ഞു.

രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ഗുരുതര പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ‍വലിയ തോതിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് ഓഫീസർ പറഞ്ഞു.

പരിക്കേറ്റവരെ എല്ലാം അടുത്തുള്ള വാന ആശുപത്രി ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 2022 നവംബറിൽ തെഹ്രീകെ-ഇ‑താലിബാൻ പാകിസ്ഥാൻ (ടിടിപി) സർക്കാരുമായുള്ള വെടിനിർത്തൽ പിൻവലിച്ചതിനു ശേഷം, പാകിസ്ഥാനിൽ തീവ്രവാദ ആക്രമണങ്ങൾ കുത്തനെ വർധിച്ചിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ് പ്രധാനമായും ആക്രമണങ്ങൾ നടന്നത്. 

Exit mobile version