Site iconSite icon Janayugom Online

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജമെന്ന് സ്ഥിരീകരണം

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ വിമാനം ഇറങ്ങുന്ന സമയത്ത് വിമാനത്താവളത്തിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവള ടെർമിനലുകളിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് പ്രഖ്യാപിച്ചത്.

ബുധനാഴ്ച രാത്രിയാണ് വിമാനത്താവള കസ്റ്റമർ സപ്പോർട്ട് വിഭാഗത്തിന് അജ്ഞാത ഇമെയിൽ ലഭിച്ചത്. “ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ 274 വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ടെർമിനലുകളിൽ സ്ഫോടനം നടക്കും” എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ, ഇമെയിൽ ശ്രദ്ധയിൽപ്പെടുമ്പോഴേക്കും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version