നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വസതിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. വിജയ്‌യുടെ ചെന്നൈ നീലാങ്കരൈയിലെ വീട്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും സ്നിഫർ ഡോഗുകളും ചേർന്ന് വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. നീണ്ട പരിശോധനകൾക്കൊടുവിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അടുത്തിടെ തമിഴ്നാട്ടിലെ കരൂരിൽ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് വലിയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരത്തിന് നേരെ ഭീഷണി വന്നത്. സെപ്റ്റംബർ 27നാണ് വിജയ് നയിച്ച പ്രചരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തെത്തുടർന്ന് വിജയ് ചെന്നൈയിലേക്ക് തിരിച്ചതും ഇരകളുടെ കുടുംബാങ്ങളെ സന്ദർശിക്കാത്തതും വലിയ പ്രതിഷേധത്തിന് കാരണമായി.

