Site iconSite icon Janayugom Online

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ എഐ 657 വിമാനത്തിലാണ് ബോബ് ഭീഷണി ഉയർന്നത്. ലാന്‍ഡിങ് നടത്തിയതിനുശേഷം വിമാനത്തിനുള്ളില്‍ പരിശോധനകള്‍ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന്, വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിലാണ് എഴുതി വച്ചിരുന്നത്. ശുചിമുറിയിൽ കയറിയ കാബിൻക്രൂ ഉപയോഗത്തിനായി ടിഷ്യുപേപ്പർ എടുത്തപ്പോഴാണ് ബോബ് ഭീഷണി ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വിവരം പൈലറ്റിന് കൈമാറുകയും തുടര്‍ന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം എയർഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് നൽകേണ്ടി വന്നതിനാൽ ഇവിടെ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ വൈകി. 

തമിഴ്നാട് സ്വദേശിയായ യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കിടെ ഇയാൾ പല തവണ വിമാനത്തിനുള്ളിൽ എഴുന്നേറ്റ് നടക്കുകയും ശുചിമുറിയിലേക്ക് പോവുകയും ചെയ്തതായി വിമാന ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാള്‍ നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ശംഖുമുഖം അസിസ്‌റ്റന്റ്‌ കമ്മിഷണറുടെ നേതൃത്വത്തിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ഭക്ഷണം ഉൾപ്പെടെ നൽകിയെന്ന്‌ വിമാനത്താവളം അധികൃതർ അറിയിച്ചു. ഭീഷണിയും പരിശോധനയും മറ്റു സർവീസുകളെ ബാധിച്ചില്ലെന്നും, മുംബൈയിലേക്കുള്ള വിമാനത്തില്‍ പോകാൻ കഴിയാത്തവർക്ക്‌ പകരം സംവിധാനങ്ങൾ ഒരുക്കിയതായും അവർ അറിയിച്ചു. 

Exit mobile version