Site iconSite icon Janayugom Online

ഡൽഹി, ബംഗളൂരു നഗരങ്ങളിലെ 90 സ്‌കൂളുകൾക്ക്‌ ബോംബ്‌ ഭീഷണി

ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ 90 സ്‌കൂളുകൾക്ക്‌ ബോംബ്‌ ഭീഷണി. വെള്ളിയാഴ്‌ച രാവിലെയൊടെ ഡൽഹിയിലെ 50 സ്‌കൂളുകളുടെ നേർക്കാണ്‌ ആദ്യം ബോംബ്‌ ഭീഷണിയെത്തിയത്‌. തുടർന്ന്‌ ബംഗളൂരുവിലെ സ്‌കൂളുകളിലേക്കും ഭീഷണിയെത്തി. ഇ മെയിൽ വഴിയാണ്‌ സ്‌കൂളുകളിലേക്ക്‌ ബോംബ്‌ ഭീഷണി വന്നത്‌. ഇ മെയിൽ സന്ദേശം എത്തിയതിനെ തുടർന്ന്‌ സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി. സെന്റ്‌. സേവ്യർസ്‌ സ്‌കൂൾ, റിച്ച്‌മണ്ട്‌ ഗ്ലോബൽ സ്‌കൂൾ, അഭിനവ്‌ പബ്ലിക്‌ സ്‌കൂൾ തുടങ്ങി ഡൽഹിയിലെ നിരവധി സ്‌കുളുകളിലാണ്‌ ബോംബ്‌ ഭീഷണി എത്തിയത്‌. ഡൽഹിയിലെ സ്‌കൂളുകളിലേക്ക്‌ തുടർച്ചയായ നാലാം ദിവസമാണ്‌ ഭീഷണി സന്ദേശങ്ങൾ എത്തുന്നത്‌.

ബംഗളൂരിവിലെ രാജേശ്വരി നഗർ, കെങ്കേരി പ്രദേശങ്ങളിലെ സ്വകാര്യ സ്‌കൂളുകൾക്കാണ്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിച്ചത്‌. പിന്നാലെ സ്‌കൂളുകളിലേക്ക്‌ ബംഗളൂരു സിറ്റി പൊലീസ്‌ പരിശോധനയുമായെത്തി. ‘സ്‌കൂളിനകത്ത്‌ ബോംബ്‌ ഉണ്ട്‌’ എന്ന സന്ദേശമാണ്‌ ഇ മെയിൽ വഴി സ്‌കൂളുകൾക്ക്‌ ലഭിച്ചത്‌. roadkill333@atomicmail.io. എന്ന മെയിലിൽ നിന്നാണ്‌ സന്ദേശം വന്നത്‌. സ്‌കൂളിനുള്ളിൽ ബോംബ്‌ ഒളിച്ച്‌ വച്ചിരിക്കുന്നു എന്നും സന്ദേശത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ‘നിങ്ങൾ എല്ലാവരും ദുരിതമനുഭവിക്കേണ്ടവരാണ്‌, ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു’ എന്നും സന്ദേശത്തിലുണ്ട്‌.

Exit mobile version