Site iconSite icon Janayugom Online

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി

ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ പറക്കുകയായിരുന്ന ഇറാനിയൻ യാത്രാവിമാനത്തിന് ബോംബ് ഭീഷണി.
ഇറാനിലെ ടെഹ്‌റാനിൽനിന്ന് ചൈനയിലെ ഗുവാങ്ഷുവിലേക്കു പോകുകയായിരുന്ന മഹാൻ എയർ ഫ്‌ലൈറ്റ് വിമാനത്തിന് നേരെയാണ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം ഡൽഹിയിൽ ഇറങ്ങാൻ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിരസിച്ചു. ജയ്പുരിലും ചണ്ഡിഗഡിലും ഇറങ്ങാന്‍ അനുമതി നല്‍കിയെങ്കിലും പൈലറ്റ് വിസമ്മതിച്ചു.
ഇതോടെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യോമസേനാ യുദ്ധവിമാനങ്ങളെ വിന്യസിച്ചു. പഞ്ചാബ്, ജോധ്പുർ വ്യോമത്താവളങ്ങളിൽനിന്നുള്ള സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളെയാണ് വ്യോമസേന ഇതിനായി വിന്യസിച്ചത്. യുദ്ധവിമാനങ്ങൾ സുരക്ഷിതമായ അകലത്തിൽ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലുടനീളം വിമാനത്തെ പിന്തുടർന്നു.
പാകിസ്ഥാനിലെ ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗമാണ് ബോംബ് ഭീഷണി ഇന്ത്യയ്ക്ക് കൈമാറിയത്. രാവിലെ 9.20 നാണ് വിമാനത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. അടിയന്തരമായി ഇറക്കാന്‍ അനുമതി നിരസിച്ചതോടെ ബോംബ് ഭീഷണി അവഗണിക്കാൻ ഇറാന്‍ വ്യോമ അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിമാനം ചൈനയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയായിരുന്നു. പിന്നീട് ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് ഇറാന്‍ അറിയിച്ചു.

eng­lish summary;Bomb threat to Iran­ian plane in Indi­an airspace
you may also like this video:

Exit mobile version