കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ലഭിച്ച ഇ‑മെയിൽ സന്ദേശത്തെത്തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. ആശുപത്രിയിൽ മൂന്ന് ആർ ഡി എക്സ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35ന് മുൻപായി ആളുകളെ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ ഉടൻ തന്നെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി വ്യാപകമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിന് ബോംബ് ഭീഷണി; ഇ‑മെയിൽ സന്ദേശം എത്തിയത് പ്രിൻസിപ്പലിന്

