ഡല്‍ഹിയിലെ മൂന്ന് സ്കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ വിദ്യാര്‍ത്ഥികളെന്ന് പൊലീസ്. പരീക്ഷ നീട്ടി വയ്ക്കുന്നതിനും സ്കൂള്‍ അടച്ചിടുന്നതിനും വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. വെങ്കടേശ്വര്‍ ഗ്ലോബല്‍ സ്കൂളിലേക്ക് വ്യാജ സന്ദേശം അയച്ചത് ഇതേ സ്കൂളില്‍ പഠിക്കുന്ന സഹോദരന്‍മാരാണെന്ന് കണ്ടെത്തിയിരുന്നു. രോഹിണി പ്രശാന്ത് വിഹാർ പിവിആർ മൾട്ടിപ്ലക്സിന് അടുത്തുണ്ടായ ദുരൂഹമായ സ്ഫോടനത്തിന്റെ തൊട്ടടുത്ത ദിവസം, വെങ്കടേശ്വർ ഗ്ലോബൽ സ്‌കൂളിനായിരുന്നു ഇമെയില്‍ വഴി ഭീഷണി എത്തിയത്. സമഗ്രമായ പരിശോധനയ്‌ക്ക് ഒടുവില്‍ ഇതു വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒടുവില്‍ അന്വേഷണം കുട്ടികളിലേക്ക് എത്തുകയായിരുന്നു. പരീക്ഷ മാറ്റിവയ്‌ക്കലും അവധിയുമാണ് ഇതുവഴി ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കൗണ്‍സിലിങ്ങിനിടെ, ബോംബ് ഭീഷണി ഉണ്ടായപ്പോള്‍ സ്‌കൂളുകൾക്ക് അവധി ലഭിച്ച മുന്‍ സംഭവങ്ങളില്‍ നിന്നാണ് തങ്ങള്‍ക്കും ഈ ആശയം ലഭിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കൗണ്‍സിലിങ്ങിന് ശേഷം കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. രോഹിണിയിലും പശ്ചിമ വിഹാറിലുമുള്ള രണ്ട് സ്‌കൂളുകൾക്ക് കൂടി അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികൾ ഭീഷണി ഇമെയിലുകൾ അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ 11 ദിവസത്തിനിടെ ഡല്‍ഹിയിലെ നൂറിലകം സ്കൂളുകള്‍ക്ക് വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിപിഎന്‍ ഉപയോഗിച്ച് ഇ മെയില്‍ സന്ദേശം അയക്കുന്നതുകൊണ്ടുതന്നെ കുറ്റവാളികളെ കണ്ടെത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദുഷ്കരമാണ്. കഴിഞ്ഞ മേയ് മുതല്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നിരവധി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഈ കേസുകളിൽ പൊലീസിന് ഇതുവരെ ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.