Site iconSite icon Janayugom Online

ഹൈദരാബാദ് വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ‑മെയിൽ വഴിയാണ് ഞായറാഴ്ച രാത്രി അധികൃതർക്ക് സന്ദേശം ലഭിച്ചത്. ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽ എച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നിവയെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. 

മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വിമാനത്താവള അധികൃതർ അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ നടത്തി. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റുക, യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക, ഡോഗ് സ്ക്വാഡുകളെ നിയോഗിക്കുക തുടങ്ങിയ പരിശോധനകളെല്ലാം പൂർത്തിയാക്കി. എന്നാൽ, വിമാനങ്ങളിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ എമിറേറ്റ്സിൻ്റെ ദുബായ്-ഹൈദരാബാദ് സർവീസിനും മദീന, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണി ഇ‑മെയിലുകൾ ലഭിച്ചിരുന്നു. ഏറ്റവും പുതിയ ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version