Site iconSite icon Janayugom Online

സെമിത്തേരിക്ക് സമീപം കണ്ടെത്തിയ കാറില്‍ അസ്ഥികളും തലയോട്ടികളും; നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടി

ഫിലാഡൽഫിയില്‍ സെമിത്തേരിക്ക് സമീപം കണ്ടെത്തിയ കാറില്‍ അസ്ഥികളും തലയോട്ടികളും കണ്ടെത്തി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നൂറോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചു സൂക്ഷിച്ച ഒരാളെ പൊലീസ് പീടികൂടിയിരിക്കുകയാണ്. ഇയാളുടെ വീടിന്റെ ഭൂഗർഭ നിലയിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു. 

മൗണ്ട് മോറിയ സെമിത്തേരിയിൽ നവംബർ മുതൽ നടന്നുവന്ന കല്ലറ മോഷണങ്ങളെക്കുറിച്ച് മാസങ്ങളായി നടന്ന അന്വേഷണമാണ് 34കാരനായ ജോനാഥൻ ക്രിസ്റ്റ് ഗെർലാക്കിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. സെമിത്തേരിയിലെ കല്ലറകൾ തല്ലിപൊട്ടിച്ച് തുറന്ന നിലയിലായിരുന്നു. പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലും നടത്തിയ പരിശോധനയിൽ നൂറിലധികം തലയോട്ടികൾ, കൈകാലുകളിലെ അസ്ഥികൾ, ജീർണിച്ച രണ്ട് ഉടലുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ചില മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ചിലത് അടുക്കിവെച്ച നിലയിലുമായിരുന്നു. വെറും തലയോട്ടികൾ മാത്രമായി ഷെൽഫിലും സൂക്ഷിച്ചിരുന്നു. കല്ലറകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. 

മോഷണം നടന്ന സമയങ്ങളിൽ പ്രതിയുടെ വാഹനം സെമിത്തേരിക്ക് സമീപം പലതവണ കണ്ടതാണ് ഇയാളെ കുടുക്കാൻ സഹായിച്ചത്. ഒരു കൈക്കോടാലിയും ചാക്കുമായി കാറിലേക്ക് നടന്നുപോകുമ്പോഴാണ് ഇയാൾ പിടിയിലായത്. താൻ ഏകദേശം 30 സെറ്റോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചതായി ജോനാഥൻ ക്രിസ്റ്റ് സമ്മതിച്ചു. നൂറിലധികം വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്രയധികം മൃതദേഹാവശിഷ്ടങ്ങൾ എന്തിനാണ് ഇയാള്‍ മോഷ്ടിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

Exit mobile version