ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ ആത്മകഥയായ ‘ഉങ്കളിൽ ഒരുവൻ’ (നിങ്ങളിൽ ഒരാൾ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി മുതിർന്ന ഡിഎംകെ നേതാവും സംസ്ഥാന ജലവിഭവ മന്ത്രിയുമായ ദുരൈമുരുഗൻ ഏറ്റുവാങ്ങി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പുസ്തക പ്രകാശനം പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ സൂചന കൂടിയായി.
പ്രത്യക്ഷത്തിൽ നേതാക്കൾ രാഷ്ട്രീയ പ്രസംഗം നടത്തിയില്ലെങ്കിലും ചടങ്ങിൽ സംസാരിച്ച നടൻ സത്യരാജിന്റെ വാക്കുകൾ രാഷ്ട്രീയ സമവാക്യത്തിനുള്ള അടിവരയായി.
സ്റ്റാലിനെയും രാഹുൽ ഗാന്ധിയെയും സഹോദരൻ എന്ന് സംബോധന ചെയ്ത സത്യരാജ് പിണറായി വിജയനെ സഖാവ് പിണറായി എന്ന് സംബോധന ചെയ്താണ് പ്രസംഗം തുടങ്ങിയത്. ‘ഞാനും മുഖ്യമന്ത്രി സ്റ്റാലിനും എംജിആർ ആരാധകരാണ്. ഒരു ആരാധകന്റെ വിജയത്തിൽ ഈ ആരാധകന്റെ അഭിനന്ദനങ്ങൾ. 2024ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ വേദി വിജയിക്കട്ടെ. അതിന് എന്റെ അഭിനന്ദനങ്ങൾ’ എന്ന് ആശംസിച്ചാണ് സത്യരാജ് നിർത്തിയത്.
English Summary:Book release as a political alliance
You may also like this video