Site iconSite icon Janayugom Online

പുസ്തക പ്രകാശനം 23ന്

കവിയും ഗാന രചയിതാവുമായ രമേശ് മേനോന്റെ പ്രഥമ പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കുമെന്ന് ഗ്രന്ഥകർത്താവ് രമേശ് മേനോൻ, സംസ്കൃതി സെക്രട്ടറി എച്ച് സുബൈർ, ജോയിന്റ് സെക്രട്ടറി വിമൽ റോയി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി ജോബ് ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാടക, ലളിതഗാന, ഓണപ്പാട്ടുകളടക്കം ആയിരത്തിലേറെ ഗാനങ്ങളാണ് രമേശ് മേനോൻ മൂന്നരപ്പതിറ്റാണ്ടിനുള്ളിൽ എഴുതിയത്. ഇതിൽ നിന്ന് തെരഞ്ഞെടുത്ത നൂറിലേറെ ഗാനങ്ങളാണ് രമേശ് മേനോന്റെ ഗാനങ്ങൾ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യേശുദാസിന്റെ തരംഗിണി കാസറ്റിനായും രമേശ് മേനോൻ ഗാനങ്ങളെഴുതിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചക്ക് 2.30 ന് പുന്നപ്ര ഗവണ്‍മെന്റ് ജെ ബി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ സുദിപ് കുമാർ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് എം സിന്ധുരാജ് സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും. കവി നാസർ ഇബ്രാഹിം പുസ്തക പരിചയം നടത്തും. എഴുത്തുകാരനും നിരൂപകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യ പ്രഭാഷണം നടത്തും. കലാ സാംസ്കാരിക പ്രവർത്തകരായ ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്, സുദീപ് കുമാർ എം, എം സിന്ധുരാജ്, കെ കെ വാസുദേവ്, അലിയാർ എം മാക്കിയിൽ, സൂരജ് സത്യൻ, കുഞ്ഞിക്കണ്ണൻ വാണിമേൽ, എച്ച് സുബൈർ എന്നിവരെ ചടങ്ങിൽ ആദരിക്കും. കോഴിക്കോട് ഫിംഗർ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് ആലപ്പുഴ സംസ്കൃതിയും പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുമാണ്.

Eng­lish Sum­ma­ry: Book release on 23

Exit mobile version