Site iconSite icon Janayugom Online

അമ്മയുടെ ഓര്‍മപുസ്തകം; കദനഭരിത ജീവിതത്തിന്റെ വായന

സ്വന്തം അമ്മയുടെ ഓർമ്മകളിലൂടെ, ജീവിതത്തിന്റെ കദന ഭരിതമായ ബാല്യ, കൗമാരത്തെ അഭിമുഖീകരിക്കേണ്ടിവന്ന എഴുത്തുകാരൻ ആ കാലത്തെ വേദനിപ്പിക്കുന്ന വയനാനുഭവമാക്കി മാറ്റുകയാണ് അമ്മയുടെ ഓർമ്മ പുസ്തകം എന്ന കൃതിയിലൂടെ. മലയാളികൾക്ക് പ്രിയപ്പെട്ട കവി മാധവൻ പുറച്ചേരി ആണ് നെഞ്ചിടിപ്പോടെയും ചിലപ്പോഴൊക്കെ കണ്ണീരോടെയും വായിക്കാനാവുന്ന പുസ്തകത്തിന്റെ രചയിതാവ്. കവിതകള്‍ എഴുതുകയും നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന മാധവന്‍ പുറച്ചേരിയുടെ ഈ ഗദ്യ രചന കോവിഡിന്റെ അടച്ചിടല്‍ കാലത്താണ് ഫേസ്ബുക്കിലൂടെ രൂപപ്പെടുന്നത്.
കമ്മ്യൂണിസത്തിന്റെ നെരിപ്പോടെരിയുന്ന അനുഭവങ്ങളുടെ പൂര്‍വകാലത്ത് ജീവിച്ച, കേരളം മുഴുവൻ സഞ്ചരിച്ച ഒട്ടേറെ മനുഷ്യരുണ്ടായിരുന്നു. അവരില്‍ ഒരാള്‍, വടക്കേടത്ത് ഇടമന ഗോവിന്ദൻ നമ്പൂതിരി എന്നാണ് പേരെങ്കിലും സിപിഐയുടെ പ്രത്യയശാസ്ത്ര പ്രസിദ്ധീകരിണമായ നവയുഗത്തിന്റെ പ്രചരണത്തിനും വരിക്കാരെ ചേര്‍ക്കുന്നതിനുമായാണ് കൂടുതലും സഞ്ചരിച്ചത് എന്നതുകൊണ്ട്, ആ പേര് കൂടെച്ചേര്‍ന്ന് നവയുഗം നമ്പൂതിരി എന്നാണറിയപ്പെട്ടത്. ആ ത്യാഗീവര്യന്റെ ഭാര്യയുടെ, സ്വന്തം അമ്മയുടെ ഓർമ്മകളിലൂടെയാണ് മാധവൻ തന്റെ ബാല്യകുമാരങ്ങളും യൗവനാരംഭവും തീവ്രമായ വായനാനുഭവമാക്കുന്നത്.
തകർന്നടിഞ്ഞുപോയ ഒരു ഇല്ലത്ത് കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയായി ജീവിതം നയിക്കേണ്ടിവന്ന ഗംഗ അന്തർജനം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ സഞ്ചരിക്കുന്ന ഭർത്താവിന്റെ അഭാവത്തിൽ ദാരിദ്ര്യവും കഷ്ടതകളും മാത്രം പുകയുന്ന ഇല്ലത്ത് ഒരു കുടുംബം മുന്നോട്ടു നയിക്കുന്നതിന് സഹിച്ച ത്യാഗത്തിന്റെ അനുഭവങ്ങളാണ് പുസ്തകത്തിലെമ്പാടും. നമ്പൂതിരിമാർ കമ്മ്യൂണിസ്റ്റായാൽ സംഭവിക്കുന്ന ധർമ്മസങ്കടങ്ങൾ നിരവധിയാണ്, ജീവിതചര്യകളിൽ നമ്പൂരിത്തം ഉണ്ടാകും എന്നാൽ നമ്പൂതിരിമാർക്കിടയിൽ ഒറ്റപ്പെടാൻ ഇടയാകുകയും ചെയ്യുമെന്ന് ഒരിടത്ത് മാധവന്‍ കുറിക്കുന്നു.
നമ്പൂതിരി സമൂഹത്തിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യക്ക് അവൾ അന്തർജ്ജനമായതിന്റെ പേരില്‍ ഏറ്റുവാങ്ങേണ്ടിവന്ന തിക്താനുഭവങ്ങള്‍ മാത്രമല്ല പുസ്തകത്തിന്റെ ഉള്ളടക്കം. അക്കാലത്തെ അന്തര്‍ജനങ്ങള്‍ സ്വസമുദായത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അവഹേളനത്തിന്റെയും അവഗണനയുടെയും സാഗരം പോലെ പരന്ന അനുഭവങ്ങളും പുസ്തകത്തില്‍ നിറയുന്നു.
“നമ്പൂതിരി സമൂഹം മറ്റുള്ളവരോട് കാണിച്ച അയിത്തത്തെക്കുറിച്ചു മാത്രമേ പുറംലോകത്തിനറിയൂ. സ്വന്തം പെൺകുട്ടികളോട് ഇത്രയും അപമാനകരമായ രീതിയിൽ ഏതെങ്കിലും സമൂഹം പെരുമാറിയിട്ടുണ്ടാവും എന്ന് തോന്നുന്നില്ല” പുസ്തകത്തിൽ ഒരു അധ്യായത്തിൽ കുറിച്ചു വെച്ചിട്ടുണ്ട്. “അക്കാലത്തെ ഓരോ നമ്പൂതിരി പെൺകുട്ടിയും നിറഞ്ഞ അകത്തളങ്ങളോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. ശപിക്കാൻ അധികാരം ഉണ്ടെങ്കിൽ ഈ ലോകം തന്നെ ദഹിപ്പിച്ചിട്ടുണ്ടാകും അവർ.” എന്നും മാധവൻ എഴുതിവച്ചിട്ടുണ്ട്. അങ്ങനെയൊരു സമൂഹത്തിൽ നിന്നാണ് ഗംഗ അന്തർജനം ഒരു കുടുംബത്തിന്റെ നാഥനും നായകനും എല്ലാമായി ജീവിച്ചു മുന്നേറുന്നത്.
കുടുംബത്തിന്റെ ഭാരമേല്ക്കുന്നതിനും നിത്യവൃത്തിക്കുമായി ഗംഗ അന്തര്‍ജനം കണ്ടെത്തുന്ന വഴികള്‍ പലതായിരുന്നു. അച്ചാറും അപ്പവും മറ്റും നിര്‍മിച്ച് നാടുനീളെ നടന്നുവില്പനയായിരുന്നു അതില്‍ പ്രധാനം. അമ്മയ്ക്കു താങ്ങായി അതുചെയ്തത് മാധവനും സഹോദരനുമായിരുന്നു. അതുകൊണ്ടുതന്നെ മാധവന്റെയും സഹോദരങ്ങളുടെയും ജീവിതവുമായി അമ്മയുടെ ഓര്‍മകള്‍ ഇഴചേര്‍ന്നു കിടക്കുന്നു. വായിച്ചു മുന്നോട്ടുപോകുമ്പോള്‍ ഇത് മാധവന്റെ തന്നെ ബാല്യകൗമാര ഓര്‍മകളായി പരിണമിക്കുകയും ചെയ്യുന്നു.
സിപിഐ പ്രവര്‍ത്തകന്റെ ഭാര്യയുടെ ഓര്‍മ്മകളാണ് എന്നതുകൊണ്ടുതന്നെ അക്കാലത്തെ പാര്‍ട്ടിയുടെ പ്രയാണത്തിന്റെ ഹ്രസ്വ വിവരണവും പുസ്തകത്തിന്റെ അഭേദ്യഭാഗമാണ്. നേതാക്കന്മാര്‍, 1948ൽ നിരോധിത സിപിഐ പ്രവർത്തകർക്കുനേരെ കോൺഗ്രസുകാരും പോലീസും നടത്തിയ വേട്ട, തലയില്‍ മോസ്കോ റോഡ് നിർമിതി, ഒളിവുജീവിതം, പാര്‍ട്ടിയിലെ പിളര്‍പ്പ്, വലതന്മാരെന്ന ആക്ഷേപപ്പേരില്‍ സിപിഐക്കാര്‍ അനുഭവിക്കേണ്ടിവന്ന പീഡാനുഭവങ്ങള്‍, അതേസമയം എതിരാളികളെപ്പോലെയിരിക്കുമ്പോഴും നവയുഗം നമ്പൂതിരിയുടെ ത്യാഗത്തെ സ്നേഹിക്കുകയും ജീവിതത്തെ സഹായിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളും അമ്മയുടെ ഓര്‍മപുസ്തകം വരച്ചിടുന്നുണ്ട്.
നമ്പൂതിരി സമുദായത്തിൽ നിന്ന് വന്ന ഒരാൾ എന്ന നിലയിൽ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതാവസ്ഥ കൂടുതല്‍ പരിതാപകരമായിരുന്നുവെങ്കിലും സമാനമായ ജീവിതം നയിച്ച എത്രയോ കുടുംബങ്ങളുണ്ടായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ അന്തര്‍ജനത്തിന്റെ ജീവിത പ്രയാസ പരിസരങ്ങളെയും എഴുത്തുകാരന്റെ ബാല്യ കൗമാരങ്ങളെയും മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് കൃതിയുടെ വികാരതീവ്രതയോടെയും വായിച്ചെടുക്കാമെന്നതും പുസ്തകത്തിന്റെ പ്രത്യേകതയാണ്. 

അമ്മയുടെ ഓര്‍മ്മപ്പുസ്തകം
(ഓര്‍മ്മ)
മാധവന്‍ പുറച്ചേരി
മാതൃഭൂമി ബുക്സ്
വില: 350 രൂപ

Exit mobile version